വയനാട്: പ്രധാനമന്ത്രിയുടെ വാക്കുകളിൽ വിശ്വാസമുണ്ടെന്ന് ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന അയ്യപ്പൻ. കുടുംബത്തിലെ 9 പേരെയാണ് ഉരുൾപൊട്ടലിൽ നഷ്ടപ്പെട്ടതെന്ന് പ്രധാനമന്ത്രിയോട് പറഞ്ഞുവെന്നും ഒന്നുമില്ലാതെ അവസ്ഥ അദ്ദേഹത്തിനുമുന്നിൽ വിവരിച്ചുവെന്നും അയ്യപ്പൻ പറഞ്ഞു. തന്റെ സങ്കടങ്ങൾ കേട്ട പ്രധാനമന്ത്രി തോളിൽ തട്ടി കൂടെയുണ്ടെന്ന് ഉറപ്പ് നൽകിയെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി ചതിക്കില്ലെന്നും അദ്ദേഹത്തിന്റെ വാക്കുകളിൽ വിശ്വാസമുണ്ടെന്നും അയ്യപ്പൻ പറഞ്ഞു. സുരേഷ്‌ഗോപിയും ഒപ്പമുണ്ടെന്ന് ഉറപ്പുനൽകി. വിഷമങ്ങൾ പ്രധാനമന്ത്രിയോട് പറഞ്ഞു. പരിഭാഷകൻ അത് വിവർത്തനം ചെയ്ത് അദ്ദേഹത്തെ അറിയിച്ചു. പ്രശ്നങ്ങൾക്ക് പരിഹാരം കാണുമെന്ന് പ്രധാനമന്ത്രിയുടെ ഉറപ്പ് ഒരു ധൈര്യം നൽകിയെന്നും മുണ്ടക്കൈ നിവാസിയായ അയ്യപ്പൻ പറയുന്നു.
മുൻപും കേരളത്തിൽ പ്രകൃതി ദുരന്തങ്ങളുണ്ടായിട്ടുണ്ട്. അതിലെ ഇരകളുടെ അവസ്ഥയാകില്ല എന്ന ഉറപ്പുണ്ട്. പ്രധാനമന്ത്രി ആരെയും വഞ്ചിച്ചിട്ടില്ലെന്നും ആ ഒരു ധൈര്യത്തിലാണ് കഴിയുന്നതെന്നും അയ്യപ്പൻ പറഞ്ഞു. മേപ്പടിയിലെ സെന്റ് ജോസഫ് സ്കൂളിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാംപിലെത്തിയ പ്രധാനമന്ത്രിയുമായി 9 ദുരന്തബാധിതരാണ് സംസാരിച്ചത്.















