ജയ്‌പൂർ: ബംഗ്ലാദേശിൽ സംഭവിച്ചത് ഇന്ത്യയിലും സംഭവിക്കാമെന്ന കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദിന്റെ പരാമർശത്തെ ശക്തമായി വിമർശിച്ച് ഉപരാഷ്‌ട്രപതി. കോൺഗ്രസ് നേതാക്കളുടെ പ്രസ്താവനയിൽ ഞെട്ടൽ രേഖപ്പെടുത്തിയ ജഗദീപ് ധൻകർ ഇത്തരം ശ്രമങ്ങൾ ആശങ്കാജനകമാണെന്നും ചൂണ്ടിക്കാട്ടി. ജോധ്പൂരിൽ നടന്ന രാജസ്ഥാൻ ഹൈക്കോടതിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
“നമ്മൾ കരുതിയിരിക്കണം, നമ്മുടെ അയല്പക്കത്ത് സംഭവിച്ചത് ഭാരതത്തിലും സംഭവിക്കുമെന്നുള്ള ഒരു കിംവദന്തി പ്രചരിപ്പിക്കാനുള്ള ചിലരുടെ ശ്രമങ്ങൾ ആശങ്കാജനകമാണ്. ഒരാൾ പാർലമെന്റ് അംഗവും മറ്റെയാൾ വിദേശകാര്യ മേഖലയിൽ വേണ്ടത്ര പരിജ്ഞാനവുമുള്ള രാജ്യത്തെ പൗരന്മാരാണ്. എന്നിട്ടും അവർക്കെങ്ങനെ ഒന്ന് ചിന്തിക്കുക പോലും ചെയ്യാതെ അയൽ രാജ്യത്ത് സംഭവിച്ചത് ഇന്ത്യയിലും സംഭവിക്കുമെന്ന് പറയാൻ കഴിഞ്ഞു,” ഉപരാഷ്‌ട്രപതി ചോദിച്ചു.
ഇവിടെ എല്ലാം ശാന്തമാണെന്ന് തോന്നുമെങ്കിലും ബംഗ്ലാദേശിൽ സംഭവിച്ചത് ഇന്ത്യയിലും സംഭവിക്കാമെന്നായിരുന്നു കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദിന്റെ പരാമർശം. ഒരു പുസ്തക പ്രകാശന ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ വിവാദ പ്രസ്താവന. ചടങ്ങിൽ സന്നഹിതനായിരുന്ന കോൺഗ്രസ് നേതാവ് ശശി തരൂർ സൽമാൻ ഖുർഷിദ് എന്താണ് ഉദ്ദേശിച്ചതെന്ന് വിശദീകരിക്കാൻ തയ്യാറായില്ല. പകരം ജനാധിപത്യത്തിന്റെയും സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പിന്റെയും പ്രാധാന്യത്തെയുമാണ് ബംഗ്ലാദേശ് വിഷയം ഓർമ്മിപ്പിക്കുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.