കൊല്ലം: കലാപകാരികൾ അഴിഞ്ഞാടുന്ന ബംഗ്ലാദേശിൽ ഹിന്ദുക്കളെ സംരക്ഷിക്കണമെന്ന പ്രധാനമന്ത്രിയുടെ പരാമർശത്തിനെതിരെ എൻ. കെ പ്രേമചന്ദ്രൻ എംപി. പ്രധാനമന്ത്രിയുടെ പ്രസ്താവന തെറ്റായിപ്പോയെന്നും അത്തരത്തിൽ പറയുന്നത് ശരിയല്ലെന്നുമായിരുന്നു എംപിയുടെ വിവാദ പ്രസ്താവന.
സംഭവത്തിന് പിന്നാലെ പ്രതിഷേധം ശക്തമാവുകയാണ്. കൊല്ലം എംപിയുടെ വിവാദ പ്രസ്താവനയ്‌ക്കെതിരെ യുവമോർച്ച ജില്ല കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. എംപിയുടെ വസതിയിലേക്ക് നടന്ന മാർച്ച് ബിജെപി കൊല്ലം ജില്ലാ പ്രസിഡന്റ് ബി. ബി ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ആഗോള മുസ്ലീം തീവ്രവാദത്തിന് പിന്തുണ നൽകുന്ന സമീപനമാണ് പ്രേമചന്ദ്രൻ്റേതെന്ന് ബി ബി ഗോപകുമാർ വിമർശിച്ചു.
വിവാദ പ്രസ്താവന പിൻവലിച്ചു എംപി മാപ്പ് പറയുക എന്ന മുദ്രാവാക്യം ഉയർത്തി കൊണ്ടായിരുന്നു യുവമോർച്ചയുടെ പ്രതിഷേധ മാർച്ച്. എൻ. കെ പ്രേമചന്ദ്രന്റെ കോലം കത്തിച്ചു. പിന്നാലെ പൊലീസ് ബാരിക്കേഡുകൾ വച്ച് തടഞ്ഞെങ്കിലും പ്രവർത്തകർ പ്രതിഷേധം തുടർന്നു.
ഹിന്ദുക്കളുടെയും മറ്റ് ന്യൂനപക്ഷ സമുദായങ്ങളുടെയും സുരക്ഷയും സംരക്ഷണവും ഉറപ്പാക്കണമെന്നും ബംഗ്ലാദേശ് വേഗത്തിൽ സാധാരണ നിലയിലേക്ക് മടങ്ങിയെത്തണമെന്നുമായിരുന്നു പ്രധാനമന്ത്രി പറഞ്ഞത്. ഇടക്കാല സർക്കാരിന്റെ തലവനായി സ്ഥാനമേറ്റെടുത്ത നൊബേൽ പുരസ്കാര ജേതാവ് മുഹമ്മദ് യൂനുസിന് ആശംസകൾ അറിയിച്ചാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്.
ആഗോളതലത്തിൽ പ്രതിഷേധങ്ങൾ ഉയരുന്ന പശ്ചാത്തലത്തിൽ ബംഗ്ലാദേശിലെ ഹൈന്ദവരെ സംരക്ഷിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ലോക്സഭയിലും ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് എൻ. കെ പ്രേമചന്ദ്രൻ എംപിയുടെ വിവാദ പ്രസ്താവന.















