കാസർകോട് കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിൽ (CPCRI) വികസിപ്പിച്ച നാലിനങ്ങൾ ഇന്ന് പുറത്തിറങ്ങും. ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സിപിസിആർഐയിലെ നാല് ഇനങ്ങൾ ഉൾപ്പടെ 109 വിളകൾ പുറത്തിറക്കുക.
കാസർകോട് നിന്ന് അത്യുത്പാദന ശേഷിയുള്ള രണ്ട് തെങ്ങും കൊക്കോയുമാണ് പുറത്തിറങ്ങുക. കൽപ്പ സുവർണ, കൽപ്പ ശതാബ്‌ദി, വിടിഎൽ 1 കൊക്കോ, വിടിഎൽ 2 കൊക്കോ എന്നിവയാണ് വികസിപ്പിച്ചെടുത്തത്. ഉത്പാദനശേഷിയേറിയതും കാലാവസ്ഥ വ്യതിയാനത്തെ അതിജീവിക്കാൻ കഴിയുന്ന 32 ധാന്യവിളകൾ ഉൾപ്പടെ 109 പുതിയ വിളകളാണ് കർഷകർക്കായി ഇന്ന് പുറത്തിറക്കുക.
അത്യുത്‌പാദന ശേഷിയുള്ള കുള്ളൻ തെങ്ങിനമാണ് കൽപ്പ സുവർണ. ച്ച നിറമുള്ള, ദീർഘ വൃത്താകൃതിയിലുള്ള തേങ്ങയിൽ നല്ല ഭാരമുള്ള കൊപ്ര കിട്ടും. 36 മാസത്തിനുള്ളിൽ കായ്ഫലം നൽകും. നന്നായി പരിചരിച്ചാൽ 108-130 കായ്കൾ ലഭിക്കും. കേരളത്തിന് പുറമേ കർണാടകയിലും കൃഷിക്ക് അനുയോജ്യമാണ്.
ഉയരമുള്ള ഇനമാണ് കൽപ്പ ശതാബ്‌ദി. കരിക്കിൽ കൂടുതൽ വെള്ളം കിട്ടുന്ന മികച്ച കൊപ്രയാക്കാൻ പറ്റുന്ന ഇനമാണിത്. പച്ചകലർന്ന മഞ്ഞ നിറത്തിലാണ് തേങ്ങ. നന്നായി പരിപാലിച്ചാൽ വർഷത്തിൽ 105 മുതൽ 148 തേങ്ങ വരെ കിട്ടും. കേരളം, കർണാടക, തമിഴ്‌നാട് എന്നിവിടങ്ങളിൽ കൃഷി ചെയ്യാം.
ഉയർന്ന വിളവ് നൽകുന്ന ഇനമാണ് വിടിഎൽ 1 കൊക്കോ. കവുങ്ങ്, തെങ്ങ് തോട്ടങ്ങളിൽ നന്നായി വളരും. 15-18 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള ഒരു മരത്തിൽ നിന്ന് പ്രതിവർഷം 1.5 – 2.5 കി.ഗ്രാം ഉണങ്ങിയ കൊക്കോ ലഭിക്കും. കേരളം, കർണാടക, തമിഴ്‌നാട് എന്നിവിടങ്ങളിൽ കൃഷി ചെയ്യാം.
ചീയൽ രോഗ പ്രതിരോധമുള്ളതും നേരത്തെ കായ്‌ക്കുന്നതുമായ ഇനമാണ് വിടിഎൽ 2 കൊക്കോ. ഈ ഹൈബ്രിഡ് ഇനം കൂടുതൽ വിളവും നൽകുന്നു. 14-20 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള ഒരു മരത്തിൽ പ്രതിവർഷം 1.5-2.5 കിലോഗ്രാം ഉണങ്ങിയ കൊക്കോ ലഭിക്കുമെന്ന് ഇൻസ്റ്റിറ്റ്യൂട്ട് അവകാശപ്പെടുന്നു. കേരളം, കർണാടക, തമിഴ്നാട്, ആന്ധ്രാപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളിൽ കൃഷി ചെയ്യാൻ സിപിസിആർഐ ശുപാർശ ചെയ്യുന്നു.