മാലെ: ഇന്ത്യയുമായി സഹകരിച്ച് മാലദ്വീപ് യുപിഐ പണമിടപാട് സംവിധാനം ആരംഭിക്കുന്നു. ഇതിനായുള്ള ധാരണാപത്രത്തിൽ ഇരു രാജ്യങ്ങളും ഒപ്പിട്ടു. ഇതോടെ ഇന്ത്യയുടെ യുപിഐ സംവിധാനം അവതരിപ്പിക്കുന്ന എട്ടാമത്തെ രാജ്യമായി മാലദ്വീപ് മാറി.
നാഷണൽ പേയ്മെൻ്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയും മാലദ്വീപിന്റെ സാമ്പത്തിക വികസന-വ്യാപാര മന്ത്രാലയവുമാണ് ധാരണാപത്രത്തിൽ ഒപ്പുവച്ചത്. മൊബൈൽ ഫോൺ വഴി തത്സമയ ബാങ്കിടപാട് സാധ്യമാക്കുന്ന സംവിധാനമാണ് യുപിഐ. ലോകത്തിലെ ആകെ ഡിജിറ്റൽ പേയ്മെൻ്റുകളിൽ 40 ശതമാനവും ഇന്ത്യയിലാണ് നടക്കുന്നതെന്ന് വിദേശകാര്യമന്ത്രി പറഞ്ഞു. ദൈന്യദിന ജീവിതത്തിൽ ഡിജിറ്റൽ പേയ്മെന്റ് വലിയ സ്വാധീനം ചെലുത്തുന്നു. ധാരണപത്രം ഒപ്പുവച്ചതോടെ മാലദ്വീപിലേക്കും ഈ ഡിജിറ്റൽ വിപ്ലവം മൊട്ടിട്ടിരിക്കുകയാണ്. ടൂറിസം മേഖലയ്‌ക്കും ഇത് ഗുണം ചെയ്യുമെന്ന് എസ്. ജയ്ശങ്കർ പറഞ്ഞു. ത്രിദിന മാലദ്വീപ് സന്ദർശനത്തിനിടെയാണ് അദ്ദേഹത്തിന്റെ പരാമർശം.
നേപ്പാൾ, മൗറീഷ്യസ്, ഭൂട്ടാൻ, ഫ്രാൻസ്, സിംഗപ്പൂർ, ശ്രീലങ്ക, യുഎഇ എന്നിങ്ങനെ ഏഴ് രാജ്യങ്ങളിലാണ് നിലവിൽ നാഷണൽ പേയ്മെൻ്റ്സ് ഓഫ് ഇന്ത്യ വികസിപ്പിച്ച യുപിഐ സംവിധാനം ഉപയോഗിക്കുന്ന രാജ്യങ്ങൾ. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 20 രാജ്യങ്ങളിൽ കൂടി യുപിഐ സംവിധാനം വിപുലീകരിക്കുകയാണ് ലക്ഷ്യം.















