വയനാട് ഉരുൾപൊട്ടലുണ്ടായ ദുരന്തഭൂമിയിൽ വിങ്ങിപ്പൊട്ടി വനം മന്ത്രി എ.കെ ശശീന്ദ്രൻ. മുണ്ടക്കൈ മുസ്ലീം പള്ളിക്ക് എതിർവശത്ത് വീടുണ്ടായിരുന്ന നാസറിന്റെ മകനെ ചേർത്തുപിടിച്ചാണ് മന്ത്രി വിതുമ്പിയത്
വല്ലാത്തൊരു അനുഭവമായിപ്പോയിയെന്നും ഇത്തരമൊരു സാഹചര്യത്തിന് സാക്ഷിയാകേണ്ടി വരുമെന്ന് ഒരിക്കലും വിചാരിച്ചില്ലെന്നും മന്ത്രി പറഞ്ഞു. ബന്ധുക്കളൊക്കെ ഇത് എങ്ങനെ സഹിക്കും. അവരുടെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ നിസഹായനായി പോവുകയാണ്.
17 പേരാണ് നാസറിന്റെ കുടുംബത്തിൽ നിന്ന് ഉരുളെടുത്തത്. നാസറിനെയും നാസറിന്റെ പിതാവിനെയുമാണ് ഇനി കണ്ടെത്താനുള്ളത്. വീടിരുന്ന സ്ഥലത്ത് നാസറിന്റെ ഓർമ്മകളുളള എന്തെങ്കിലും കണ്ടെത്താനകുമെന്ന പ്രതീക്ഷയിൽ സഹോദരൻ അയ്യൂബ് എന്നും മുണ്ടക്കൈയിൽ എത്തുമായിരുന്നു. ചെളിയിൽ പുതഞ്ഞുകിടന്ന ഷർട്ട്, ആൽബം, വീട്ടിലെ സാധനങ്ങൾ തുടങ്ങിയവ കഴിഞ്ഞ ദിവസം അയ്യൂബിന് ലഭിച്ചിരുന്നു. ഇതുമായി സഹോദരൻ മടങ്ങുന്ന കാഴ്ച ഈറനണിയിക്കുന്നതായിരുന്നു.
അർബുദ ബാധിതനായിരുന്നു നാസർ. നാസറിന്റെ ഭാര്യ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. കോഴിക്കോട് ബന്ധുവീട്ടിലായിരുന്ന മകൻ സംഭവത്തിന് ശേഷം ആദ്യമായി ഇന്നാണ് ദുരന്തഭൂമിയിലേക്ക് എത്തിയത്.