ഇടുക്കി: വന്യമൃഗങ്ങളെ തുരത്താൻ മഞ്ഞൾ പ്രയോഗവുമായി ഇടുക്കിയിലെ വനവാസികൾ. പെരിയാർ ടൈഗർ റിസർവിന്റെ നേതൃത്വത്തിൽ ഇക്കോട്ട സൊസൈറ്റികൾക്ക് കീഴിലാണ് മഞ്ഞൾ കൃഷി ചെയ്യുന്നത്.
കുമളി മഞ്ഞാക്കുടിയിലെ വനവാസി വിഭാഗക്കാരാണ് മഞ്ഞൾ പ്രയോഗം നടത്തുന്നത്. വനങ്ങളിലടക്കം വൻ മരങ്ങൾ വരെ കുത്തി നിരത്തുന്ന വന്യമൃഗങ്ങൾ കാട്ടു മഞ്ഞളിനെ തൊടാറില്ല. ഇതിൽ നിന്ന് പാഠം ഉൾക്കൊണ്ടാണ് മഞ്ഞൾ കൃഷി ചെയ്യാൻ പെരിയാർ ടൈഗർ റിസർവ് തീരുമാനമെടുത്തത്.
മലപ്പുറത്ത് നിന്നെത്തിച്ച പ്രതിഭ ഇനത്തിൽപെട്ട അത്യുൽപാദനശേഷിയുള്ള മഞ്ഞളാണ് കൃഷി ചെയ്യുന്നത്. 580 കിലോ മഞ്ഞളാണ് ആദ്യഘട്ടത്തിൽ വിളവിറക്കിയത്. ഒരു തട കിഴങ്ങിന് ഒരു കിലോയോളം തൂക്കം വരുമെന്നതാണ് ഇതിന്റെ പ്രത്യേകത. 55 സെൻ്റിലാണ് കൃഷിയിറക്കിയിരിക്കുന്നത്. പത്ത് മാസമാണ് കൃഷിക്കാലം.
കൃഷി ആരംഭിച്ച് ഒരു മാസം കൊണ്ട് തന്നെ ഫലം ലഭിച്ചതായി കർഷകർ അവകാശപ്പെടുന്നു, വന്യമൃഗങ്ങളുടെ സാന്നിധ്യത്തിൽ വലിയ കുറവുണ്ടായി. കുടിയിൽ രണ്ടേക്കർ സ്ഥലത്ത് കൂടി കൃഷി വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് കർഷകർ.















