നടൻ കൃഷ്ണകുമാറിന്റെ രണ്ടാമത്തെ മകളും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ദിയ കൃഷ്ണയുടെ കല്യാണ വിശേഷങ്ങൾ യൂട്യബിൽ ട്രെൻഡിംഗാണ്. സംരംഭകയും യൂട്യൂബറുമായ ദിയയും സുഹൃത്ത് അശ്വിനും തമ്മിലുള്ള വിവാഹം ഏതാനും നാളുകൾക്കുള്ളിൽ നടക്കുമെന്നാണ് ഇരുവരും അറിയിച്ചിട്ടുള്ളത്. ഓസി ടോക്കീസ് (Ozy Talkies) എന്ന ചാനലിലൂടെ ഇതിന്റെ വിശേഷങ്ങൾ ദിയ പങ്കുവയ്‌ക്കാറുണ്ട്. നർത്തകി എന്ന നിലയിലും ഏറെ ശ്രദ്ധനേടിയ ദിയയുടെ മുൻ പ്രണയവും ബ്രേക്കപ്പും ആരാധകർക്കിടയിൽ വലിയ ചർച്ചയായിരുന്നു. കഴിഞ്ഞുപോയ കാലത്തെ മോശം അനുഭവങ്ങളാണ് മുന്നോട്ട് പോകാൻ ഏറെ പ്രചോദനമായതെന്നാണ് ദിയ പറയുന്നത്. യൂട്യൂബിൽ പങ്കുവച്ച വീഡിയോയിൽ തന്റെ മുൻ റിലേഷൻഷിപ്പുകളെക്കുറിച്ചും അശ്വിൻ എന്ന വ്യക്തി ജീവിതത്തിലേക്ക് കടന്നുവന്നതിനെക്കുറിച്ചും പങ്കുവയ്‌ക്കുകയായിരുന്നു അവർ.
“ഞാനൊരു പ്രേമരോഗിയാണ്. എനിക്ക് ഒരുപാട് Bad Past ഉണ്ടായിട്ടുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം മോശം അനുഭവം നേരിടുമ്പോഴാണ് മുന്നോട്ട് പോകാൻ കുറച്ചുകൂടി എളുപ്പം. നമ്മുടെ പിഴവ് കാരണം റിലേഷൻഷിപ്പ് മോശമായാൽ അത് ദുഃഖവും പശ്ചാത്തപവും ഉണ്ടാക്കും. എനിക്ക് ഇതുവരെ മൂന്നോ നാലോ റിലേഷൻഷിപ്പുകൾ ഉണ്ടായിട്ടുണ്ട്. മറ്റൊരു പെണ്ണുമായി രഹസ്യബന്ധം സൂക്ഷിക്കാത്തവരായി അതിൽ ഒരാളുപോലും ഉണ്ടായിരുന്നില്ല. തൊട്ടുമുൻപുണ്ടായിരുന്ന ബന്ധത്തിൽ മാത്രമല്ല, എനിക്കുണ്ടായ എല്ലാ മുൻ ബന്ധങ്ങളിലും അതായിരുന്നു സംഭവിച്ചത്. ഇവർ എല്ലാവരും സോഷ്യൽമീഡിയയിൽ മാന്യന്മാരായി നിൽക്കുന്നവരാണ്. പക്ഷെ, എനിക്ക് പറയാതിരിക്കാൻ കഴിയില്ല. എല്ലാവർക്കും രഹസ്യ ബന്ധങ്ങളുണ്ടായിരുന്നു. അത് പിടികൂടിയതും ഞാൻ തന്നെയായിരുന്നു. എല്ലാവരെയും മറ്റ് പെൺകുട്ടികൾക്കൊപ്പം പിടികൂടേണ്ടി വന്നിട്ടുണ്ട്. അത്തരത്തിൽ ഒരു മോശം അനുഭവം നേരിടേണ്ടി വന്നത് ഒരുകണക്കിന് നല്ലതാണെന്നാണ് ഞാൻ കരുതുന്നത്. അതുകൊണ്ട് അവരിൽ നിന്നൊക്കെ മൂവ് ഓൺ ആകാൻ എനിക്ക് കഴിഞ്ഞു. കാരണം എന്റെ ഭാഗത്ത് നിന്നുള്ള ഒരു പിഴവ് കൊണ്ട് ബന്ധങ്ങൾ തകർന്നിട്ടില്ല. അവിശ്വാസ്യതയോ വഞ്ചനയോ ഞാൻ കാണിച്ചിട്ടില്ല. അതുകൊണ്ട് എനിക്ക് ഖേദവുമില്ല.”- ദിയ കൃഷ്ണ പറഞ്ഞു.