കൊൽക്കത്ത: കൊൽക്കത്തയിലെ ആർജി കാർ മെഡിക്കൽ കോളേജിൽ മെഡിക്കൽ കോളേജിലെ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനിയായ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി ദിവസങ്ങൾ പിന്നിടുമ്പോൾ അതേ അവസ്ഥയുണ്ടാകുമെന്ന് വനിതാ ഡോക്ടറെ ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. പശ്ചിമ ബംഗാളിലെ പൂർബ ബർധമാൻ സ്വദേശി സുശാന്ത റോയിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
പ്രതിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഭട്ടാർ സ്റ്റേറ്റ് ജനറൽ ആശുപത്രിയിലെ ഡോക്ടർമാരും നഴ്‌സുമാരും പ്രതിഷേധ പ്രകടനം നടത്തിയതിനെ തുടർന്നാണ് സുശാന്ത റോയിയെ അറസ്റ്റ് ചെയ്തത്. തന്നെ നല്ല രീതിയിൽ ചികിത്സിച്ചില്ലെങ്കിൽ കൊൽക്കത്തയിലെ ആർജി കാർ ആശുപത്രിയിലെ പെൺകുട്ടിയുടെ അവസ്ഥയായിരിക്കും ഡോക്ടറിനുമെന്നായിരുന്നു യുവാവിന്റെ ഭീഷണി. ചികിത്സ തുടങ്ങാൻ വൈകിയതാണ് പ്രതിയെ പ്രകോപിപ്പിച്ചത്.
ഭീഷണിക്ക് ശേഷവും വനിതാ ഡോക്ടർ തന്റെ ഡ്യൂട്ടിയിൽ വീഴ്ച വരുത്തിയില്ല. ഇയാൾക്ക് ചികിത്സ നൽകി. ശേഷം സഹപ്രവർത്തകരോട് വിഷയം പറയുകയും നടപടി ആവശ്യപ്പെട്ട് സിഎംഒഎച്ച് ഓഫീസിലെത്തുകയും ചെയ്തു. പ്രതിക്ക് ശിക്ഷ ഉറപ്പാക്കണമെന്നും ആരോഗ്യപ്രവർത്തകരുടെ ജീവന് സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് നഴ്സുമാരും ഡോക്ടർമാരും പ്രതിഷേധിച്ചു. ഇതിനുപിന്നാലെയാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്.