മലപ്പുറം: ജില്ലയിലെ കരുവാരക്കുണ്ട്, കാളികാവ് തുടങ്ങിയ മലയോരമേഖലകളിൽ ശക്തമായ മലവെള്ളപ്പാച്ചിൽ. ഒലിപ്പുഴ, കല്ലൻ പുഴ തുടങ്ങിയ പുഴകളും സമീപത്തെ തോടുകളുമാണ് കരകവിഞ്ഞൊഴുകുന്നത്. കരുവാരക്കുണ്ട് മേഖലയിൽ ശക്തമായ മഴ പെയ്യുകയാണ്. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ശക്തമായ മഴ ഇവിടെ ആരംഭിച്ചത്. പുഴകളുടെ സമീപത്തുള്ള എട്ട് വീടുകളിൽ വെള്ളം കയറിയതായാണ് വിവരം. ഈ വീടുകളിലുള്ളവരെ ബന്ധുവീടുകളിലേക്ക് മാറ്റി. മഴയുടെ ശക്തി കുറഞ്ഞതോടെ ഇപ്പോൾ വെള്ളം കുറഞ്ഞിട്ടുണ്ട്.
അതേസമയം വയനാട്ടിലെ കാന്തൻപാറയിൽ ശക്തമായ മഴ പെയ്തതിനെ തുടർന്ന് ജനകീയ തിരച്ചിൽ നിർത്തി. തിരച്ചിലിനിടെ കണ്ടെത്തിയ ശരീരഭാഗങ്ങൾ എയർലിഫ്റ്റ് ചെയ്യാൻ സാധിച്ചില്ല. തുടർന്ന് സന്നദ്ധപ്രവർത്തകർ ഇവ ചുമന്നാണ് എത്തിക്കുന്നത്. ചൂരൽമല, മുണ്ടക്കൈ മേഖലകളിലും മഴ പെയ്യുകയാണ്.