ആലപ്പുഴ: ആലപ്പുഴ വണ്ടേപുറം പാട ശേഖരത്തിന് സമീപം നവജാത ശിശുവിനെ കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തി. കുട്ടിയുടെ അമ്മ നിരീക്ഷണത്തിലാണ്. മൃതദേഹം പോസ്റ്റുമോർട്ടത്തിന് കൊണ്ടുപോയി. ആലപ്പുഴ ചേർത്തല പൂച്ചാക്കൽ സ്വദേശിയായ അവിവാഹിതയായ യുവതി ആഗസ്റ്റ് 6 നാണ് കുഞ്ഞിന് ജന്മം നൽകിയത്. തൊട്ടടുത്ത ദിവസം കുഴിച്ചു മൂടി. കുഞ്ഞിനെ കൊന്നതാണോ പ്രസവത്തിലെ മരിച്ചതാണോ എന്ന കാര്യം സ്ഥിരീകരിക്കാനുണ്ട്. അമ്മയെയും ആൺസുഹൃത്തിനേയും പ്രതിയാക്കിയാണ് പൊലീസ് കേസെടുത്തത്. സുഹൃത്തുക്കളായ രണ്ടുപേർ പൊലീസ് കസ്റ്റഡിയിലുണ്ട്. കൊല്ലനാടി പാട ശേഖരണം തെക്കേ ബണ്ടിലാണ് മൃതദേഹം കണ്ടെത്തിയത്.
വീട്ടുകാരിൽ നിന്ന് യുവതി വിവരം ഒളിപ്പിച്ചിരുന്നതായി പൊലീസ് സ്ഥിരീകരിച്ചു. എട്ടിന് യുവതി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. പ്രസവത്തിന് ശേഷമുളള ശാരീരിക അസ്വസ്ഥതകളുണ്ടെന്ന് പറഞ്ഞാണ് ഇവർ ആശുപത്രിയിലെത്തിയത്. ഡോക്ടർമാർ കുഞ്ഞിനെ തിരക്കിയപ്പോൾ അമ്മത്തൊട്ടിലിൽ നൽകിയെന്നായിരുന്നു മറുപടി. പിന്നീട് ഇത് തിരുത്തി കുഞ്ഞ് ബന്ധുക്കൾക്കൊപ്പമെന്നും പറഞ്ഞു. സംശയം തോന്നിയ ആശുപത്രി ജീവനക്കാർ പൊലീസിനെ അറിയിക്കുകയായിരുന്നു.
പൂച്ചാക്കൽ പൊലീസെത്തി മൊഴി രേഖപ്പെടുത്തിയപ്പോഴും ഇവർ നിരവധി കള്ളങ്ങൾ ആവർത്തിച്ചു. ചോദ്യം ചെയ്യൽ തുടർന്നപ്പോഴാണ് സത്യം തുറന്നുപറഞ്ഞത്. കുഞ്ഞ് മരിച്ചെന്നും മൃതദേഹം ആൺസുഹൃത്തിനെ ഏൽപ്പിച്ചതായും ഇവർ പറഞ്ഞു. ആൺസുഹൃത്തും മറ്റൊരാളും ചേർന്നാണ് കുഞ്ഞിനെ കുഴിച്ചിട്ടത്. ഇവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.