മലപ്പുറം: മലപ്പുറം തിരൂരിൽ 5 വയസുകാരിയെ കുളത്തിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. ഇടിയാട്ട് പറമ്പിൽ പ്രഭിലാഷിന്റെ മകൾ ശിവാനിയാണ് മരിച്ചത്.
വൈകിട്ട് നാലുമണിയോടെയാണ് കുട്ടിയുടെ മൃതദേഹം വീടിന് സമീപത്തെ കുളത്തിൽ കണ്ടെത്തിയത്. ഏറെ നേരമായി കുട്ടിയെ കാണാനില്ലായിരുന്നു. ഇതിനെത്തുടർന്ന് വീട്ടുകാരും പരിസരവാസികളും കുട്ടിക്കായി വ്യാപക തെരച്ചിൽ നടത്തുന്നുണ്ടായിരുന്നു. ഇതിനിടയിലാണ് കുളത്തിൽ കുട്ടിയെ കണ്ടെത്തുന്നത്. ഉടൻതന്നെ പുറത്തെടുത്ത് ആശുപതിയിൽ എത്തിച്ചെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല.
കുട്ടി അബദ്ധത്തിൽ കുളത്തിൽ വീണ് മുങ്ങിമരിച്ചതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പൊലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുളത്തിൽ മുൻപ് വലിയ തോതിൽ വെള്ളമുണ്ടായിരുന്നില്ലെങ്കിലും കഴിഞ്ഞ ദിവസങ്ങളിൽ ജലനിരപ്പുയർന്നിരുന്നു. ഇതറിയാതെ കുളത്തിന് സമീപമെത്തിയ കുട്ടി അപകടത്തിൽപ്പെട്ടതാകാമെന്നാണ് കരുതുന്നത്.















