കോഴിക്കോട്; ഉരുൾപൊട്ടൽ നാശം വിതച്ച കോഴിക്കോട് വിലങ്ങാട്ടിൽ വിദഗ്ധ സംഘം സന്ദർശിക്കും. ജിയോളജിസ്റ്റ്, ഹൈഡ്രോളജിസ്റ്റ്, സോയിൽ കൺസർവേഷനിസ്റ്റ്, ഹസാർഡ് അനലിസ്റ്റ് എന്നിവരടങ്ങുന്ന നാലംഗ സംഘമാണ് നാളെ പ്രദേശത്തെത്തുന്നത്.
മേഖലയിലെ ഉരുൾപൊട്ടൽ സാധ്യതാ കേന്ദ്രങ്ങൾ പരിശോധിച്ച ശേഷം പുനരധിവാസം സംബന്ധിച്ച റിപ്പോർട്ട് നൽകും. നൂറിലേറെ പ്രഭവ കേന്ദ്രങ്ങളിൽ ഉരുൾപൊട്ടലുണ്ടായതായാണ് വിലയിരുത്തൽ. പ്രദേശം വാസയോഗ്യമാണോ, കൃഷിയോഗ്യമാണോ, പുനരധിവാസം തുടങ്ങിയ കാര്യങ്ങൾ പരിശോധനയ്‌ക്ക് ശേഷം വ്യക്തമാക്കുമാക്കുമെന്ന് വിദഗ്ധർ അറിയിച്ചു.
വിലങ്ങാട്ടിൽ ഇന്ന് നടത്തിയ ഡ്രോൺ സർവേയിലാണ് 100ലധികം പ്രഭവ കേന്ദ്രങ്ങളിൽ ഉരുൾപൊട്ടലുണ്ടായത് കണ്ടെത്തിയത്. ഉരുൾപൊട്ടലിൽ വൻ നാശനഷ്ടങ്ങളാണ് സംഭവിച്ചത്. 120ഓളം വീടുകൾ തകരുകയും കൃഷികൾ നശിക്കുകയും ചെയ്തു. മേഖലയിൽ വിശദ പരിശോധന നടത്തിയ ശേഷം അന്തിമ തീരുമാനം അറിയിക്കുമെന്ന് ഗവേഷകർ പറഞ്ഞു.















