ദിസ്പൂർ: ഈ വർഷത്തെ നാവികസേന ദിനത്തോടനുബന്ധിച്ചുള്ള ആഘോഷങ്ങൾ ജഗന്നാഥ ക്ഷേത്രം സ്ഥിതി ചെയ്യുന്ന ഒഡിഷയിലെ പുരി നഗരത്തിൽ നടക്കും. ഡിസംബർ നാലിനാണ് ആഘോഷങ്ങൾ നടക്കുന്നത്. നാവികസേനാ മേധാവി ദിനേശ് ത്രിപാഠി സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.
നാവികസേനാ മേധാവി ഉൾപ്പെടെ നിരവധി മുതിർന്ന ഉദ്യോഗസ്ഥർ പുരി സന്ദർശിച്ച് ബീച്ചിന്റെ നിലവിലത്തെ അവസ്ഥ വിലയിരുത്തുകയും ജില്ലാ ഭരണകൂടവുമായി ചർച്ച ചെയ്യുകയും ചെയ്തു. നാവികസേനാ മേധാവി ദിനേശ് ത്രിപാഠി കുടുംബസമേതമാണ് ക്ഷേത്രത്തിലെത്തി ദർശനം നടത്തിയത്.
സ്ഥലം പരിശോധിക്കുന്നതിനായി ഐഎൻഎസ് ജലാശ്വ, ഐഎൻഎസ് കിൽത്താൻ, ഐഎൻഎസ് സുമേധ തുടങ്ങിയ യുദ്ധക്കപ്പലുകൾക്കൊപ്പം നാവികസേനയുടെ പ്രത്യേക യുദ്ധക്കപ്പലും പുരി തീരത്ത് പട്രോളിംഗ് നടത്തി. വിനോദസഞ്ചാരികളും നാട്ടുകാരും ഉൾപ്പെടെ നൂറുകണക്കിന് ആളുകളാണ് യുദ്ധക്കപ്പലുകൾ കാണുന്നതിനായി പ്രദേശത്ത് തടിച്ചുകൂടിയത്.
ഓരോ വർഷവും നാവികസേന ദിനത്തിൽ നാവികസേനാംഗങ്ങൾ അഭ്യാസ പ്രകടനങ്ങൾ നടത്താറുണ്ട്. നാവികസേന ദിനത്തിന്റെ ഭാഗമായി എയർ ഷോ മുതൽ കമാൻഡോ ഓപ്പറേഷനുകൾ വരെ നാവികസേന നടത്തും.















