ന്യൂഡൽഹി: അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി 50,000 കോടിയാകുമെന്ന് റിപ്പോർട്ട്. നടപ്പു സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിലെ കയറ്റുമതി റിപ്പോർട്ടിനെ അടിസ്ഥാനപ്പെടുത്തിയാണ് അഞ്ച് വർഷത്തിനുള്ളിലെ പുരോഗതി വിലയിരുത്തിയിരിക്കുന്നത്.
2024 ഏപ്രിൽ മുതൽ ജൂലൈ വരെയുള്ള കണക്കുകൾ പ്രകാരം ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി 6,915 കോടിയാണ്. കഴിഞ്ഞ സാമ്പത്തിക വർഷം ഇത് 3,885 കോടിയായിരുന്നു. അതായത്, ആദ്യ പാദത്തിൽ 78 ശതമാനം വർദ്ധനവാണ് ഇത്തവണ പ്രതിരോധ കയറ്റുമതിയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. 2023-2024 സാമ്പത്തിക വർഷത്തിൽ പ്രതിരോധ കയറ്റുമതിയിൽ 32.5 ശതമാനം വർദ്ധനവുണ്ടായിരുന്നതായും 21,000 കോടി കവിഞ്ഞതായും കഴിഞ്ഞ ഏപ്രിലിൽ കേന്ദ്രസർക്കാർ അറിയിച്ചിരുന്നു. ആദ്യമായിട്ടായിരുന്നു പ്രതിരോധ കയറ്റുമതി 20,000 കോടി കവിഞ്ഞത്. ഇന്ത്യ ആത്മനിർഭരമാകാൻ സ്വീകരിച്ച നടപടികളായിരുന്നു നേട്ടത്തിന് ആധാരം. 2022-23ൽ 15,920 കോടിയായിരുന്നത് 2023-24ൽ 32.5 ശതമാനം വർദ്ധിച്ച് 21,000 കോടിയാവുകയുമായിരുന്നു. പത്ത് വർഷം മുൻപ് (2013-14) രേഖപ്പെടുത്തിയ പ്രതിരോധ കയറ്റുമതിയുടെ 31 മടങ്ങാണ് നിലവിലുള്ള കയറ്റുമതി.
ഏകദേശം 85 രാജ്യങ്ങളിലേക്ക് ഇന്ത്യയിൽ നിർമിക്കുന്ന മിലിട്ടറി ഹാർഡ്-വെയറുകൾ കയറ്റുമതി ചെയ്യുന്നുണ്ടെന്നാണ് റിപ്പോർട്ട്. ഇതിനായി രാജ്യത്തെ നൂറോളം പ്രാദേശിക സ്ഥാപനങ്ങൾ സംഭാവന ചെയ്യുന്നുണ്ട്. മിസൈലുകൾ, ആർട്ടിലെറി ഗൺ, റോക്കറ്റുകൾ, സായുധ വാഹനങ്ങൾ, ഓഫ്ഷോർ പട്രോൾ വെസ്സലുകൾ, വിവിധതരം റഡാറുകൾ, നിരീക്ഷണ സംവിധാനങ്ങൾ എന്നിവയടക്കമുള്ള ഹാർഡ് വെയറുകളാണ് ഇന്ത്യ കയറ്റുമതി ചെയ്യുന്നത്.















