കൊൽക്കത്ത: ബംഗാളിലെ സർക്കാർ ആശുപത്രിയിൽ ജൂനിയർ വനിതാ ഡോക്ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ മമത സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി. കേസ് ഒതുക്കി തീർക്കാനാണ് തൃണമൂൽ കോൺഗ്രസ് ശ്രമിക്കുന്നതെന്ന് ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ പറഞ്ഞു. അന്വേഷണം സിബിഐക്ക് കൈമാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
”കഴിഞ്ഞ ദിവസമാണ് ആർജി കാർ ആശുപത്രിയിൽ വനിതാ ഡോക്ടറെ കൊല്ലപ്പെട്ട നിലയിൽ അർദ്ധ നഗ്‌നയായി കണ്ടെത്തിയത്. പോസ്റ്റുമോർട്ടത്തിൽ യുവതിയെ ക്രൂരമായി പീഡിപ്പിച്ചതായി കണ്ടെത്തിയിരുന്നു. കണ്ണിൽ നിന്നും വായിൽ നിന്നും സ്വകാര്യ ഭാഗങ്ങളിൽ നിന്നും രക്തം വന്നിരുന്നു. അതി ക്രൂരമായാണ് വനിതാ ഡോക്ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. പ്രതിഷേധം ശക്തമായതോടെ ഒരാളെ അറസ്റ്റ് ചെയ്ത് പ്രശ്നം ഒതുക്കാനുളള ശ്രമവും പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായി. എന്നാൽ കേസ് സിബിഐക്ക് കൈമാറമെന്നാണ് ബിജെപിയുടെ ആവശ്യം”. അമിത് മാളവ്യ പറഞ്ഞു.
രണ്ട് വ്യത്യസ്ത ബീജങ്ങൾ യുവതിയുടെ ശരീരത്തിൽ നിന്നും ലഭിച്ചതായാണ് ആദ്യം പൊലീസ് പറഞ്ഞത്. എന്നാൽ പിന്നീട് ഈ പ്രസ്താവന പിൻവലിക്കുകയായിരുന്നു. ഇതിൽ നിന്ന് തന്നെ പ്രതികളെ സംരക്ഷിക്കനായി പൊലീസ് സത്യം മറച്ചു വയ്‌ക്കുകയാണെന്ന് വ്യക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കുറ്റവാളികളെ പൊലീസും മമത സർക്കാരും ചേർന്ന് സംരക്ഷിക്കുകയാണ്. സംഭവ സ്ഥലത്ത് നിന്ന് ലഭിച്ച ബ്ലൂടൂത്ത് മാത്രമാണ് പൊലീസിന് തെളിവായി ലഭിച്ചത്. ഇതെങ്ങനെ ശക്തമായ തെളിവാണെന്ന് പറയാൻ സാധിക്കുമെന്നും അദ്ദേഹം ചോദിച്ചു. അതേസമയം യഥാർത്ഥ കുറ്റവാളിയെയല്ല പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നതെന്ന് ആരോപിച്ച് ബംഗാളിൽ ഡോക്ടർമാരുടെയും വിദ്യാർത്ഥികളുടെയും നേതൃത്വത്തിൽ പ്രതിഷേധം ശക്തമാവുകയാണ്.















