ന്യൂയോർക്ക്: ബംഗ്ലാദേശിലെ ഹിന്ദുവംശഹത്യക്കെതിരെ ലോകമെമ്പാടും പ്രതിഷേധം. കാനഡയിലെ ഒന്റാറിയോ പ്രവിശ്യയുടെ തലസ്ഥാനനഗരമായ ടൊറന്റോയിൽ നിരവധി പേരാണ് പ്രതിഷേധത്തിനായി തടിച്ചുകൂടിയത്. ബംഗ്ലാദേശിലെ ഹിന്ദുക്കൾക്കെതിരായ ആക്രമണത്തെ അപലപിച്ച് വിവിധ മതവിശ്വാസികൾ രംഗത്തെത്തി.
ഹിന്ദു സമൂഹത്തോട് ഐക്യദാർഡ്യം പ്രഖ്യാപിച്ച പ്രതിഷേധക്കാർ ബംഗ്ലാദേശിലെ ഹിന്ദുക്കൾക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ടു. പ്രതിഷേധക്കാരിൽ ക്രിസ്ത്യൻ, ബുദ്ധിസ്റ്റ്, ജൂത മതവിശ്വാസികളും ഉണ്ടായിരുന്നു. ബംഗ്ലാദേശിൽ അധികാരമേറ്റെടുത്ത ഇടക്കാല സർക്കാരിന്റെ തലവനായ മുഹമ്മദ് യൂനുസ് ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാൻ വേണ്ട നടപടികളെടുക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
ഇക്കാര്യങ്ങളെല്ലാം വിശദീകരിച്ച് ടൊറന്റോയിലെ ബംഗ്ലാദേശി മസ്ജിദുകൾക്ക് ഇമെയിൽ നൽകിയിട്ടുണ്ടെന്നും ഇതുവരെ പ്രതികരണം ലഭിച്ചിട്ടില്ലെന്നും പ്രതിഷേധക്കാർ അറിയിച്ചു. കാനഡയിലെ മോൺട്രിയലിലും സമാനമായ പ്രതിഷേധം നടന്നിരുന്നു. ഇതുകൂടാതെ അമേരിക്കയിലെ മിഷിഗൺ, കാലിഫോർണിയ, ഓസ്ട്രേലിയയിലെ മെൽബൺ, മലേഷ്യയിലെ ക്വാലാലംപൂർ തുടങ്ങിയ സ്ഥലങ്ങളിലും ബംഗ്ലാദേശിലെ ഹിന്ദുക്കൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ജനങ്ങൾ തെരുവിലിറങ്ങി.
ബംഗ്ലാദേശിൽ കലാപം രൂക്ഷമായതിനെ തുടർന്ന് മറ്റ് വഴികളില്ലാതെ പ്രധാനമന്ത്രി സ്ഥാനം രാജി വച്ച് ഷെയ്ഖ് ഹസീന പലായനം ചെയ്തിരുന്നു. ഇതിന് പിന്നാലെ കലാപം കെട്ടടങ്ങുമെന്നായിരുന്നു ഹസീന അടക്കമുള്ളവർ പ്രതീക്ഷിച്ചത്. എന്നാൽ ഷെയ്ഖ് ഹസീന രാജ്യം വിട്ടതിന് പിന്നാലെ ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങൾക്ക് നേരെ പരക്കം ആക്രമണം അഴിച്ചുവിടുകയായിരുന്നു പ്രക്ഷോഭകർ. നിരവധി പേരുടെ ജീവൻ അപഹരിച്ച കൂട്ടക്കുരുതിക്കെതിരെ ലോകത്തെമ്പാടും പ്രതിഷേധങ്ങൾ ഉയരുകയാണ്.