കൊച്ചി: ഒരു രാത്രി പ്രകൃതി മനസിൽ വരച്ചുചേർത്ത ഭീകരദൃശ്യങ്ങളുടെ ഭീതിയിലാണ് വയനാട്ടിലെ മുണ്ടക്കൈയിലും ചൂരൽമലയിലുമുളള കുട്ടികൾ. ഓടിക്കളിച്ചിരുന്ന വീടും ചിത്രങ്ങൾ കുത്തിവരച്ച നോട്ടുപുസ്തകങ്ങളും നിറങ്ങൾ പകർന്ന കളർപെൻസിലുമൊക്കെ അവർക്ക് നഷ്ടമായി. ചിലരുടെ പ്രിയപ്പെട്ടവരും കാണാമറയത്തായി. ദുരിതാശ്വാസ ക്യാമ്പുകളിലും മറ്റും കഴിയുന്ന അവരുടെ മുഖത്തെ മാഞ്ഞുപോയ പുഞ്ചിരി വീണ്ടെടുക്കാനുളള ഒരുക്കത്തിലാണ് കേരളത്തിലെ സമൂഹമാദ്ധ്യമ പേജുകളിലെ അഡ്മിൻമാരുടെ കൂട്ടായ്മ.
വയനാട്ടിലെ ദുരിത പ്രദേശങ്ങളിലെ കുട്ടികൾക്കായി കളിപ്പാട്ടങ്ങളും ഡയപ്പറുകളുമടക്കം ശേഖരിച്ച് എത്തിക്കുകയാണ് കേരള പേജ് അഡ്മിൻസ്. 117 അംഗങ്ങളുള്ള കൂട്ടായ്മ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിൽ നിന്നായി ശേഖരിച്ച് ഒരു വാൻ നിറയെ കളിപ്പാട്ടങ്ങളാണ് വയനാട്ടിലേക്ക് അയച്ചത്. വയനാട്ടിലെത്തിയപ്പോൾ കണ്ട കരളലിയിക്കുന്ന കാഴ്ചകളാണ് കുട്ടികൾക്കായി എന്തെങ്കിലും ചെയ്യണമെന്ന ആലോചനയിലേക്ക് കെപിഎ അംഗങ്ങളെ എത്തിച്ചത്.
കലൂർ സ്റ്റേഡിയം പരിസരത്ത് നിന്നും പുറപ്പെട്ട കളിപ്പാട്ടവണ്ടി ചലച്ചിത്ര താരം തെസ്‌നി ഖാനും, സംവിധായകൻ സോഹൻ സീനുലാലും ചേർന്ന് ഫ്‌ലാഗ് ഓഫ് ചെയ്തു. ഉരുൾപൊട്ടലിൽ എല്ലാം നഷ്ടപ്പെട്ട കുഞ്ഞുങ്ങൾക്ക് അൽപമെങ്കിലും സാന്ത്വനമാകാനാണ് ശ്രമമെന്ന് കേരള പേജ് അഡ്മിൻ ഭാരവാഹികൾ പറഞ്ഞു.
കേരളത്തിലെ സെലിബ്രിറ്റീസിന്റെ സോഷ്യൽ മീഡിയ പേജുകൾ ഹാൻഡിൽ ചെയ്യുന്നവരുടെയും ഓൺലൈൻ സോഷ്യൽ മീഡിയ പേജുകൾ കൈകാര്യം ചെയ്യുന്നവരുടെയും കൂട്ടായ്മയാണിത്. ജോലിയുടെ ഭാഗമായി ഇവരുടെ ഒരു സംഘം വയനാട്ടിലെത്തിയപ്പോഴാണ് കുട്ടികളുടെ ബുദ്ധിമുട്ടുകൾ മനസിലായതെന്ന് സംഘത്തിലെ അനൂപ് പിളള പറഞ്ഞു. പ്രളയ സമയത്ത് ഉൾപ്പെടെ ഇത്തരം കാര്യങ്ങളിൽ സജീവമായി ഇടപെട്ടിരുന്നുവെന്നും അനൂപ് കൂട്ടിച്ചേർത്തുയ
ശിശുക്ഷേമ സമിതിയുമായി ബന്ധപ്പെട്ട് കുട്ടികൾക്ക് നേരിട്ടാണ് കളിപ്പാട്ടങ്ങളും സാധനങ്ങളും എത്തിക്കുക. കളിപ്പാട്ടങ്ങൾക്ക് പുറമെ ഡയപ്പർ, പോഷകാഹാരങ്ങൾ, സോപ്പുകൾ തുടങ്ങിയവയെല്ലാം ശേഖരിച്ചിരുന്നു. തൃശൂരിൽ നിന്നുള്ള സാധനങ്ങൾ കൂടി ശേഖരിച്ച് കളിപ്പാട്ടവണ്ടി ചുരം കയറി വയനാട്ടിലെത്തും.