ചായ കുടിച്ചില്ലെങ്കിൽ ഒരു ഊർജം കിട്ടില്ല, തലവേദനയാ ഇങ്ങനെയൊക്കെ പലരും പറയുന്നത് നമ്മൾ കേട്ടിരിക്കും. ഇല്ലെങ്കിൽ ഈ അവസ്ഥയിലൂടെയായിരിക്കും നാം ഓരോരുത്തരും കടന്നു പോകുന്നത്. കടുപ്പം കൂട്ടിയൊരു ചായ, മീഡിയം ചായ, മധുരം കൂട്ടി, കടുപ്പം കുറച്ച് അങ്ങനെ ചായ പ്രേമികളുടെ രുചികളിലുമുണ്ട് വ്യത്യസ്തത. എന്നാൽ കടുത്ത ചായ പ്രേമികളാണ് നിങ്ങളെങ്കിൽ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം.
മായം കലർന്ന ചായപ്പൊടികൾ പിടികൂടുന്നുവെന്ന വാർത്തകളാണ് പലയിടങ്ങളിൽ നിന്നും പുറത്തുവരുന്നത്. ചായപ്പൊടിയിൽ മായം കലർന്നിട്ടുണ്ടെങ്കിൽ ഹൃദ്രോഗം, ശ്വാസകോശ രോഗങ്ങൾ തുടങ്ങിയ മാരക രോഗങ്ങളിലേക്ക് ഇത് വഴിവയ്‌ക്കുന്നു. അപ്പോൾ എങ്ങനെ ചായപ്പൊടിയിലെ മായം കണ്ടെത്താം? അതിനായി ചില പൊടിക്കൈകൾ പരീക്ഷിക്കാം..
ചായപ്പൊടിക്കും നിറമോ?
നനഞ്ഞ വെളുത്ത കടലാസെടുത്ത് ഇതിലേക്ക് ചായപ്പൊടി വിതറുക. അൽപസമയം ഇത് അനക്കാതെ വയ്‌ക്കാം. കടലാസിൽ ചുവപ്പ്, പിങ്ക്, മഞ്ഞ തുടങ്ങിയ നിറങ്ങൾ കാണുകയാണെങ്കിൽ മായം കലർന്ന ചായപ്പൊടിയാണ് നിങ്ങൾ ഉപയോഗിക്കുന്നതെന്ന് മനസിലാക്കാം.
വെള്ളത്തിലിട്ട് പരീക്ഷിക്കാം
ചായപ്പൊടിക്ക് പകരം തേയില ഉപയോഗിക്കുന്നവരുമുണ്ട്. അത്തരക്കാർക്ക് പരീക്ഷിക്കാവുന്ന എളുപ്പമാർഗമാണിത്. ഒരു ഗ്ലാസിൽ അൽപം പച്ചവെള്ളം എടുത്ത് ഇതിലേക്ക് തേയില ഇടുക. കൃത്രിമ നിറം തേയിലയിൽ ചേർത്തിട്ടുണ്ടെങ്കിൽ നിറം വെള്ളത്തിന് മുകളിൽ പരന്ന് തേയില വെള്ളത്തിനടിയിൽ പോകും.
ആസിഡും ആൽക്കലിയും കണ്ടെത്താൻ മാത്രമല്ല ചായപ്പൊടിയുടെ മായം കണ്ടെത്താനും ലിറ്റ്മസ് പേപ്പർ
ഒരു ലിറ്റ്മസ് പേപ്പറെടുത്ത് അതിലേക്ക് അൽപം ചായപ്പൊടി വിതറുക. ഇതിലേക്ക് ഒന്നോ രണ്ടോ തുള്ളി വെള്ളം ഒഴിക്കുക. കുറച്ച് സമയത്തിന് ശേഷം ചായപ്പൊടി ലിറ്റ്മസ് പേപ്പറിൽ നിന്ന് കളഞ്ഞ് പേപ്പറിലെ നിറം പരിശോധിക്കുക. ചായപ്പൊടിയിൽ മായം കലർന്നിട്ടില്ലെങ്കിൽ നിറവ്യത്യാസം ഉണ്ടായിരിക്കില്ല. എന്നാൽ വൻതോതിൽ മായം കലർന്നിട്ടുണ്ടെങ്കിൽ ലിറ്റ്മസ് പേപ്പറിൽ ഇരുണ്ട നിറം കാണപ്പെടും.















