പാചകത്തിൽ വ്യത്യസ്തത പരീക്ഷിക്കുന്നതിനായി നിരവധി റെസിപ്പികൾ ഉണ്ടാക്കി നോക്കി പണിവാങ്ങുന്ന വ്‌ളോഗർമാരും യൂട്യൂബർമാരും നിരവധിയാണ്. അത്തരത്തിൽ പുതുമയ്‌ക്കായി ഒരു കറി വച്ച് ജയിലിലായിരിക്കുകയാണ് തെലങ്കാനയിൽ നിന്നുള്ള യൂട്യൂബർ.
ഭക്ഷണത്തോട് പ്രണയമുള്ള യൂട്യൂബർ പ്രണയ് കുമാർ കറിവച്ചത് ഇന്ത്യയുടെ ദേശീയ പക്ഷി മയിലിനെയാണ്. ഇത് കറി വയ്‌ക്കുന്നതിന്റെ ദൃശ്യങ്ങളും പ്രണയ് സമൂഹമാദ്ധ്യങ്ങളിലൂടെ പങ്കുവച്ചു. വൈറൽ വീഡിയോ പൊലീസും കണ്ടതോടെ പ്രണയ്‌ക്ക് പിടിവീഴുകയായിരുന്നു.
എങ്ങനെ പരമ്പരാഗതമായ മയിൽ കറി വയ്‌ക്കാമെന്ന് വിശദീകരിക്കുന്ന ഒരു പാചക വീഡിയോയാണ് പ്രണയ് തന്റെ ചാനലിലൂടെ പുറത്തുവിട്ടത്. ഇന്ത്യയിൽ വന്യമൃഗങ്ങളെയും പക്ഷികളെയും കൊല്ലുന്നതും ഭക്ഷിക്കുന്നതും ശിക്ഷാർഹമാണ്. എന്നാൽ ഇതൊന്നും കണക്കാക്കാതെ ചോറിനൊപ്പം മയിൽ കറി കഴിച്ചുള്ള വ്‌ളോഗാണ് പ്രണയ് കുമാർ പങ്കുവച്ചത്.
വീഡിയോ കണ്ടതോടെ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വീഡിയോ യൂട്യൂബിൽ നിന്ന് നീക്കം ചെയ്തതായി പൊലീസ് പറഞ്ഞു.















