പാരിസ്: പാരിസ് ഒളിമ്പിക്‌സിൽ മികച്ച പ്രകടനം കാഴ്ചവച്ച ഇന്ത്യൻ സംഘത്തിന് അഭിനന്ദനങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഓരോ ഗെയിമുകളിലും ഇന്ത്യൻ സംഘം നടത്തിയ പരിശ്രമങ്ങളെ അഭിനന്ദിക്കുന്നതായി പ്രധാനമന്ത്രി കുറിച്ചു. ” എല്ലാ അത്‌ലറ്റുകളും അവരുടെ ഏറ്റവും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ഓരോ ഇന്ത്യക്കാരനും ഇവരെ കുറിച്ച് ഓർക്കുമ്പോൾ അഭിമാനം തോന്നുന്നുണ്ട്. കായികലോകത്തെ നമ്മുടെ ഈ താരങ്ങൾക്ക് ഭാവിയിലെ അവരുടെ മികച്ച പ്രകടനങ്ങൾക്കായി ആശംസകൾ നേരുന്നുവെന്നും” പ്രധാനമന്ത്രി സമൂഹമാദ്ധ്യമത്തിൽ കുറിച്ചു.
അഞ്ച് വെങ്കലുവും ഒരു വെള്ളിയുമടക്കം ആറ് മെഡലുകൾ നേടിയ ഇന്ത്യ 71-ാം സ്ഥാനമാണ് നേടിയത്. ആറ് വിഭാഗങ്ങളിൽ ഇന്ത്യയ്‌ക്ക് മെഡൽ നഷ്ടമായി നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്യേണ്ടിവന്നു. 126 മെഡലുകൾ നേടിയ അമേരിക്കയാണ് ഇക്കുറി മെഡൽ പട്ടികയിൽ ഒന്നാം സ്ഥാനത്ത്. ചൈന 91 മെഡലുകളും സ്വന്തമാക്കി. 40 സ്വർണമെഡലുകളാണ് ഇരുകൂട്ടരും നേടിയത്. വെള്ളി വെങ്കല മെഡലുകൾ കൂടുതൽ നേടിയത് യുഎസ് ആണ്. ഇതോടെയാണ് പട്ടികയിലും യുഎസ് മുന്നിലെത്തിയത്.
പാരിസിലെ സ്റ്റാഡ് ദ ഫ്രാൻസ് സ്റ്റേഡിയത്തിൽ നടന്ന ചടങ്ങുകളോടെയാണ് ഒളിമ്പിക്‌സിന് സമാപനമായത്. ഹോക്കിയിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ടീം ഗോളി പി ആർ ശ്രീജേഷും, ഷൂട്ടിങ്ങിൽ ഇരട്ട വെങ്കലം നേടിയ മനു ഭാക്കറുമാണ് ഇന്ത്യൻ പതാക വഹിച്ചത്. 2028ൽ അമേരിക്കയിലാണ് ഇനി ഒളിമ്പിക്‌സ് നടക്കുന്നത്. അടുത്ത ഒളിമ്പിക്‌സിന് വേദിയാകുന്ന ലൊസാഞ്ചലസ് നഗരത്തിന്റെ മേയർ കരൻ ബാസ്,പാരിസ് മേയർ ആനി ഹിഡാൽഗോയിൽ നിന്ന് ഒളിമ്പിക്‌സ് പതാക ഏറ്റുവാങ്ങി. ഒളിമ്പിക്‌സിന്റെ അടുത്ത ആതിഥേയരായ യുഎസിന്റെ ദേശീയ ഗാനം ആലപിച്ച് കൊണ്ടാണ് സമാപനച്ചടങ്ങുകൾ അവസാനിച്ചത്.















