പാരിസ്: പാരിസിൽ സ്റ്റാഡ് ദ ഫ്രാൻസ് സ്റ്റേഡിയത്തിൽ രണ്ടര മണിക്കൂറോളം നീണ്ടുനിന്ന ആഘോഷപരിപാടികൾക്കൊടുവിൽ 2024ലെ ഒളിമ്പിക്‌സിന് സമാപനം. 2028ൽ യുഎസ് നഗരമായ ലൊസാഞ്ചലസ് അടുത്ത ഒളിമ്പിക്‌സിന് വേദിയാകും. ചടങ്ങിന്റെ അവസാനം ലൊസാഞ്ചലസ് നഗരത്തിന്റെ മേയർ കരൻ ബാസ്, പാരിസ് മേയർ ആനി ഹിഡാൽഗോയിൽ നിന്ന് ഒളിമ്പിക്‌സ് പതാക ഏറ്റുവാങ്ങി. 70,000ത്തിലധികം ആളുകളാണ് ചടങ്ങ് നേരിട്ട് വീക്ഷിക്കാൻ സ്റ്റേഡിയത്തിൽ എത്തിച്ചേർന്നത്.
ലോകഭൂപടത്തിന്റെ മാതൃകയിലാണ് സ്റ്റാഡ് ദ ഫ്രാൻസ് സ്റ്റേഡിയത്തിലെ വേദി തയ്യാറാക്കിയത്. ഇവിടേക്കാണ് വിവിധ രാജ്യങ്ങളുടെ പതാകകളുമേന്തി അത്‌ലറ്റുകൾ സ്റ്റേഡിയത്തിലേക്ക് പ്രവേശിച്ചത്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും ചടങ്ങിൽ പങ്കെടുക്കാനായി എത്തിയിരുന്നു. വനിതാ മാരത്തണിൽ വിജയിച്ച സിഫാൻ ഹസൻ, അസഫ ടിസ്റ്റ്, ഒബിരി ഹെലൻ എന്നിവർക്ക് വേദിയിൽ വച്ച് ഐഒഎ ചീഫ് തോമസ് ബാഷ് മെഡലുകൾ സമ്മാനിച്ചു. വനിതാ മാരത്തൺ വിജയികളുടെ മെഡൽ വർഷങ്ങളായി സമാപന ചടങ്ങുകളുടെ ഭാഗമായിട്ടാണ് നൽകി വരുന്നത്.
പിന്നാലെയാണ് കലാപരിപാടികൾക്ക് തുടക്കമായത്. ഫ്രഞ്ച് ബാൻഡ് ഫീനിക്‌സിന്റെ സംഗീത പരിപാടിയായിരുന്നു മറ്റൊരു ആകർഷണം. ലൊസാഞ്ചലസ് മേയർ പതാക ഏറ്റുവാങ്ങിയതിന് പിന്നാലെ അടുത്ത ഒളിമ്പിക്‌സിന്റെ ആതിഥേയരായ അമേരിക്കയുടെ ദേശീയഗാനം സ്റ്റേഡിയത്തിൽ മുഴങ്ങി. പാരിസിൽ നിന്ന് ലൊസാഞ്ചലസിലേക്ക് ഒളിമ്പിക്‌സിനെ സ്വാഗതം ചെയ്യുന്നതിനായി ഹോളിവുഡ് ഇതിഹാസം ടോം ക്രൂസിന്റെ പ്രകടനവും ഉണ്ടായിരുന്നു. ഒളിമ്പിക് പതാക ഏറ്റുവാങ്ങിയ ടോം ക്രൂസ്, ഒരു നഗരത്തിൽ നിന്ന് മറ്റൊരു നഗരത്തിലേക്ക് പതാക എത്തിക്കുന്ന കാഴ്ചയും കാണാനായി. തുടർന്ന് ഫ്രാൻസിന്റെ നീന്തൽ താരം ലിയോൺ മെർച്ചന്റ് ഒളിമ്പിക് ദീപം സ്റ്റേഡിയത്തിൽ എത്തിച്ചു. പിന്നാലെ ഐഒസി പ്രസിഡന്റ് തോമസ് ബാഷ് ഗെയിംസ് അവസാനിച്ചതായി പ്രഖ്യാപിച്ചു.















