വാഷിംഗ്‌ടൺ: ഷെയ്ഖ് ഹസീനയുടേതെന്ന പേരിൽ പ്രചരിക്കുന്ന പ്രസ്താവനകൾ വ്യാജമെന്ന് മകൻ സജീബ് വാസെദ് ജോയ്. തന്റെ രാജിക്ക് പിന്നിൽ അമേരിക്കയുടെ ഗൂഢാലോചനയാണെന്ന് മുൻ പ്രധാനമന്ത്രി കൂടിയായ ഷെയ്ഖ് ഹസീന പറഞ്ഞുവെന്ന തരത്തിൽ പുറത്ത് വന്ന റിപ്പോർട്ടുകളാണ് സജീബ് വാസെദ് നിഷേധിച്ചത്. സമൂഹ മാദ്ധ്യമത്തിൽ പങ്കുവച്ച പോസ്റ്റിൽ ഷെയ്ഖ് ഹസീന പറഞ്ഞുവെന്ന തരത്തിൽ പ്രചരിക്കുന്ന കാര്യങ്ങൾ തീർത്തും തെറ്റാണെന്നും, കെട്ടിച്ചമച്ചതാണെന്നും സജീബ് വ്യക്തമാക്കി. തന്റെ രാജ്യത്ത് ആഭ്യന്തരയുദ്ധത്തിന് സമാനമായ സാഹചര്യം സൃഷ്ടിച്ചതിന് ഉത്തരവാദി അമേരിക്കയാണെന്ന് ഹസീന രാജി പ്രസ്താവനയിൽ ആരോപിച്ചുവെന്ന് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
“അടുത്തിടെ ഒരു പത്രത്തിൽ പ്രസിദ്ധീകരിച്ച എന്റെ അമ്മയുടേത് എന്ന പേരിൽ പുറത്ത് വന്ന രാജി പ്രസ്താവന പൂർണമായും വ്യാജവും കെട്ടിച്ചമച്ചതുമാണ്. ധാക്ക വിടുന്നതിന് മുൻപോ ശേഷമായോ അവർ അത്തരത്തിൽ ഒരു പ്രസ്താവനയും നടത്തിയിട്ടില്ലെന്ന് ഞാൻ സ്ഥിരീകരിച്ചു,” വാസെദ് എക്‌സിൽ കുറിച്ചു.
ബംഗ്ലാദേശ് പ്രധാനമന്ത്രി സ്ഥാനം രാജിവെച്ച് ഓഗസ്റ്റ് 5 ന് രാജ്യം വിടുന്നതിന് മുൻപ് ഹസീന ഒരു പ്രസംഗം നടത്താൻ ആഗ്രഹിച്ചിരുന്നുവെന്ന് റിപ്പോർട്ടുകൾ വന്ന് മണിക്കൂറുകൾ പിന്നിടുമ്പോഴാണ് ഇത് നിഷേധിച്ചുകൊണ്ടുള്ള ഹസീനയുടെ മകന്റെ പ്രതികരണം. ഷെയ്ഖ് ഹസീനയുടേതെന്ന പേരിലുള്ള പ്രസ്താവനയിൽ തന്നെ പുറത്താക്കിയതിന് ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി അമേരിക്കയെ കുറ്റപ്പെടുത്തുന്നുണ്ട്.
ശവക്കൂമ്പാരം കാണാതിരിക്കാനാണ് താൻ രാജി വച്ചതെന്നും സെൻ്റ് മാർട്ടിൻ ദ്വീപിന്റെ പരമാധികാരം അമേരിക്കയ്‌ക്ക് വിട്ടുകൊടുത്തിരുന്നെങ്കിൽ അധികാരത്തിൽ തുടരാമായിരുന്നുവെന്നും ഹസീന പ്രസ്താവനയിൽ പറഞ്ഞതായാണ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. “തന്നെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ വലിയ ഗൂഢാലോചന നടന്നു. താൻ രാജ്യത്ത് തുടർന്നിരുന്നെങ്കിൽ, കൂടുതൽ ജീവനുകൾ നഷ്ടപ്പെടുമായിരുന്നു, കൂടുതൽ വിഭവങ്ങൾ നശിപ്പിക്കപ്പെടുമായിരുന്നു. ഇതിനാലാണ് രാജ്യം വിടുകയെന്ന ബുദ്ധിമുട്ടുള്ള തീരുമാനം എടുത്തത്”- ഹസീനയുടെ രാജി പ്രസ്താവനയിൽ പറയുന്നു.