കൊച്ചി: മുല്ലപ്പെരിയാർ വിഷയത്തിൽ സർക്കാരിനെ വിമർശിച്ച് മുല്ലപ്പെരിയാർ ഏകോപന സമിതി ചെയർമാൻ അഡ്വ റസൽ ജോയ്. കോടതിയിൽ തമിഴ്നാടിന്റെ വാദങ്ങൾ ജയിക്കാനാണ് കേരള സർക്കാർ ആഗ്രഹിക്കുന്നതെന്നും വിഷയത്തിൽ ഇടത് വലത് മുന്നണികൾ രാഷ്‌ട്രീയം കളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മുല്ലപ്പെരിയാർ ഡാം ഡീകമ്മിഷൻ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഏകോപന സമിതി ജനകീയ പ്രതിഷേധം നടത്തുമെന്നും റസ്സൽ ജോയ് വ്യക്തമാക്കി.
വിഷയത്തിൽ കോടതിയിൽ കൃത്യമായ വാദങ്ങൾ ഉന്നയിക്കാൻ കേരളത്തിന് സാധിക്കുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. തമിഴ്നാടിന്റെ വാദങ്ങൾ സംരക്ഷിക്കപ്പെടണമെന്ന് തന്നെയാണ് കേരളത്തിലെ രാഷ്‌ട്രീയ പാർട്ടികളുടെ ഉദ്ദേശ്യം. സുരക്ഷയുമായി ബന്ധപ്പെട്ട് ഇടത്-വലത് മുന്നണികൾ രാഷ്‌ട്രീയം കളിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
പുതിയ ഡാം എന്ന ആവശ്യവുമായി കേരളത്തിലെ എംപിമാർ പാർലമെന്റിൽ അവതരിപ്പിച്ചു. എന്നാൽ നിർമാണം പൂർത്തിയാകാൻ ഒരുപാട് വർഷമെടുക്കും. പണിയൊരിക്കലും നടക്കരുതെന്ന ഉദ്ദേശ്യത്തോടെയാണ് രാഷ്‌ട്രീയപാർട്ടികളെന്നും അദ്ദേഹം പറഞ്ഞു. പുതിയ ഡാം ആവശ്യമില്ല, തമിഴ്നാടിന് ജലമെത്തിക്കാൻ നിലവിലെ ഡാമിൽ നിന്ന് 50 അടി ഉയരത്തിൽ തുരങ്കം നിർമിക്കുക, ഡാമിലെ ജലം അപകട സാധ്യതയില്ലാത്ത തരത്തിൽ ക്രമീകരിച്ച് ഇരു സംസ്ഥാനങ്ങളുടെയും പ്രശ്നങ്ങൾ പരിഹരിക്കണമെന്നും മുല്ലപ്പെരിയാർ ഏകോപന സമിതി ആവശ്യപ്പെട്ടു.
മുല്ലപ്പെരിയാർ വിഷയത്തിൽ പ്രതിഷേധം ശക്തമാക്കാനുള്ള സമിതിയുടെ തീരുമാനം. ഇതിന്റെ ഭാഗമായി ഓഗസ്റ്റ് 15-ന് പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും. കരിങ്കൽ ചപ്പാത്ത് മുതൽ ആലുവ പാലം വരെയുള്ള പാലങ്ങളിൽ പ്രതിഷേധത്തിന്റെ പ്ലക്കാർഡ് പിടിച്ചാകും പ്രതിഷേധം സംഘടിപ്പിക്കുക. ഇത് ആദ്യപടിയാണെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങൾ തയ്യാറാണ്. അതിനാൽ തന്നെ പല സമരമുറകളും പുറത്തെടുക്കും. കൃത്യമായ നിർദേശങ്ങൾ നൽകിയാൽ പലരുടെയും തലയിൽ കയറിയിട്ടുള്ള രാഷ്‌ട്രീയമൊക്കെ ഇറങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം മുല്ലപ്പെരിയാർ അണക്കെട്ടിൽ തമിഴ്‌നാട് പൊതുമരാമത്ത് വകുപ്പ് ചീഫ് എൻജിനീയറുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തിയിരുന്നു. കേരളത്തിൽ മഴ ശക്തി പ്രാപിക്കാനുള്ള സാധ്യത കണക്കിലെടുത്ത് അണക്കെട്ടിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നാൽ സ്വീകരിക്കേണ്ട മുൻകരുതൽ നടപടികൾ പരിശോധിക്കുന്നതിനും തമിഴ്‌നാട്ടിലെ ഉദ്യോഗസ്ഥർക്ക് നിർദേശങ്ങൾ നൽകുന്നതിനുമായിരുന്നു സന്ദർശനം.















