ആലപ്പുഴ: ആലപ്പുഴ തകഴിയിൽ നവജാത ശിശുവിനെ കുഴിച്ചുമൂടിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. അമ്മയുടെ ആൺ സുഹൃത്തിന്റെ സഹായി ആണ് അറസ്റ്റിലായത്. ഇതോടെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. കുഞ്ഞിന്റെ അമ്മ, അമ്മയുടെ ആൺസുഹൃത്ത്, ആൺ സുഹൃത്തിന്റെ സഹായി എന്നിവരുടെ അറസ്റ്റാണ് പൊലീസ് രേഖപ്പെടുത്തിയത്.
അതേസമയം സംഭവം കൊലപാതകമാണോ എന്നതിൽ ശാസ്ത്രീയ പരിശോധനാ ഫലം പുറത്ത് വരണമെന്ന് പൊലീസ് പറഞ്ഞു. നവജാത ശിശുവിന്റെ പോസ്റ്റ്‌മോർട്ടം നടപടികൾ ഇന്ന് ആലപ്പുഴ മെഡിക്കൽ കോളേജിൽ പൂർത്തിയാക്കും. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭ്യമായാൽ മാത്രമേ മരണകാരണം വ്യക്തമാവുകയുള്ളെന്നും പൊലീസ് ചൂണ്ടിക്കാട്ടി. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കുന്നതിനിടെ കുഞ്ഞ് പൂർണ വളർച്ചയെത്താതെയാണ് പ്രസവിച്ചത് എന്ന സൂചനയും പൊലീസിന് ലഭിച്ചതായാണ് വിവരം. അതിനാൽ പ്രതികൾക്കെതിരെ നിലവിൽ കൊലക്കുറ്റത്തിന് കേസെടുത്തിട്ടില്ല.
ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരമുള്ള കേസുകൾ, മൃതദേഹം രഹസ്യമാക്കി മറവുചെയ്തു എന്നീ വകുപ്പുകൾ ചുമത്തിയാണ് മൂന്ന് പ്രതികൾക്കുമെതിരെ കേസെടുത്ത് അന്വേഷണം നടക്കുന്നത്. ശാസ്ത്രീയ പരിശോധനാഫലം പുറത്തുവന്നാൽ മാത്രമേ ഇവർക്കെതിരെ കൊലക്കുറ്റം ചുമത്തണോ എന്ന കാര്യത്തിൽ വ്യക്തത വരികയുള്ളു എന്ന് പൂച്ചാക്കൽ പൊലീസ് അറിയിച്ചു. യുവതിയും ആൺസുഹൃത്തും ഒരുമിച്ച് പഠിച്ചവരും വിവാഹം കഴിക്കാൻ ആഗ്രഹിച്ചവരുമാണെന് പൊലീസ് പറഞ്ഞു. തകഴിയിലെ പാടശേഖരത്തിൽ നിന്നുമാണ് കുഞ്ഞിന്റെ മൃതദേഹം കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തിയത്. കുഞ്ഞിന്റെ അമ്മ ആശുപത്രിയിൽ പൊലീസ് നിരീക്ഷണത്തിലാണ്.
ഒന്നാം പ്രതിയായ യുവതിയേയും രണ്ടാം പ്രതിയായ ആൺ സുഹൃത്തിനേയും റിമാൻഡ് ചെയ്തു. പൊലീസ് കസ്റ്റഡിയിൽ ഉണ്ടായിരുന്ന മൂന്നാം പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൂടുതൽ വകുപ്പുകൾ ഉൾപ്പെടുത്തി വൈകിട്ടോടെ മൂന്നാം പ്രതിയെയും കോടതിയിൽ ഹാജരാക്കും.















