ഒരു ദേശം തന്നെ ഭൂമുഖത്ത് നിന്ന് തുടനീക്കപ്പെട്ടതറിയാതെ ചൂരൽമലയിലെയും മുണ്ടക്കൈയിലെയും തേയിലക്കാടുകളിൽ പച്ചപ്പ് നിറഞ്ഞു. അന്നം നൽകിയിരുന്ന ആ തേയില നുള്ളാൻ ആ ദേശത്ത് ഇന്നാരുമില്ല. തകർന്ന ലയങ്ങളും പാഡികളും ഫാക്ടറിയും മാത്രമാണ് അവിടെ ബാക്കിയുള്ളത്.
തലമുറകളായി തോട്ടം തൊഴിലാളികൾ താമസിക്കുന്നയിടമാണ് പാഡികൾ. പല ദേശത്ത് നിന്നുള്ളവർ അടുത്തടുത്ത വീടുകളിൽ ഒരു കുടുംബം പോലെയാണ് ഓരോ പാഡികളിലും കഴിയുന്നത്. ഒന്നിച്ചാകും ഭൂരിഭാഗം പേരും തേയിലക്കാട്ടിൽ പോകുന്നത്. ആ തളിർത്ത് നിൽക്കുന്ന കാടുകളിൽ ഒന്നിച്ച് ജോലിയെടുത്തവരിൽ ആരെല്ലാം മിച്ചമുണ്ടെന്ന് പോലും പലർക്കും അറിയില്ല. തളിരിട്ട് നിൽക്കുന്ന ചെടികൾ മാത്രമാണ് ഇന്ന് ബാക്കിയുള്ളത്.
ദേശത്തെ മുഴുവൻ ഉരുൾ വിഴുങ്ങിയപ്പോൾ സർവതിനും സാക്ഷിയായി ഒരാൽമരവും ചൂരൽമലയിലുണ്ട്. രണ്ട് ഉരുൾ ഒഴുകിയെത്തിയപ്പോഴും തലയെടുപ്പോടെ നിന്ന് ആൽ മരം ഒരത്ഭുതം തന്നെയാണ്. മരത്തിന് മുൻപിലുണ്ടായിരുന്ന അമ്പലമോ മറ്റ് കെട്ടിടങ്ങളോ ഒന്നും തന്നെ ഇന്ന് ബാക്കിയില്ല. ആയിരക്കണക്കിന് ഭീമൻ പാറക്കല്ലുകളും മണ്ണും ചെളിയും മരച്ചുവട്ടിലേക്കും വന്നടിഞ്ഞിരുന്നു.
ഈ ആല്‍മരത്തില്‍ത്തട്ടിയാണ് തൊട്ടുതാഴേക്ക് വെള്ളവും കല്ലും മരവും ഒഴുകുന്നത് വഴിമാറിയത്. ഈ ആലില്‍ വടംകെട്ടിയാണ് രക്ഷാപ്രവര്‍ത്തകര്‍ ചൂരല്‍മലയില്‍നിന്ന് മുണ്ടക്കൈയിലേക്ക് കടക്കാന്‍ സംവിധാനങ്ങള്‍ ഒരുക്കിയത്. സൈന്യം താല്‍ക്കാലിക പാലം പണിയാന്‍ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ക്ക് ആധാരമാക്കിയത് ഈ ആലിനെയാണ്. അതിശയമാണ് ആല്‍മരം മാത്രം അടിപതറാതെ നിന്നത്. ഒരു പക്ഷേ അതൊരു നിയോഗമായിരുന്നേക്കാം…















