തൃശൂർ: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പുലികളി മാറ്റിവച്ച സംഭവത്തിൽ മേയർക്ക് നിവേദനം. പുലികളി നടത്തണമെന്നാവശ്യപ്പെട്ട് 9 പുലികളി സംഘങ്ങൾ മേയർക്ക് സംയുക്ത നിവേദനം നൽകി.
പുലികളി ഒരുക്കങ്ങളുടെ ഭാഗമായി ഓരോ ടീമിനും 3 ലക്ഷത്തിലധികം രൂപ ഇതിനോടകം ചെലവായിട്ടുണ്ടെന്നും പുലികളി നടത്താതിരുന്നാൽ സാമ്പത്തിക നഷ്ടം താങ്ങാൻ കഴിയില്ലെന്നും സംഘങ്ങൾ വ്യക്തമാക്കി. പുലികളി വേണ്ടെന്നുവച്ച തീരുമാനം പുനഃപരിശോധിക്കണമെന്നും സംഘം ആവശ്യപ്പെട്ടു. പുലികളി നടത്താത്ത പക്ഷം തങ്ങൾക്കുണ്ടായ ബാധ്യത കോർപ്പറേഷൻ ഏറ്റെടുക്കണമെന്നും ആവശ്യമുണ്ട്.
പുലികളി നടക്കുന്നതിന് മാസങ്ങൾക്ക് മുൻപ് തന്നെ അതിന് വേണ്ട മുന്നൊരുക്കങ്ങൾ ആരംഭിച്ചിരുന്നു. വേഷം കെട്ടുന്നവർക്ക് അഡ്വാൻസ് തുക അടക്കം നൽകി കഴിഞ്ഞു. ഇനി പുലികളി നടന്നില്ലെങ്കിൽ വലിയ സാമ്പത്തിക നഷ്ടമായിരിക്കും ഉണ്ടാവുകയെന്ന് മേയർക്ക് നൽകിയ നിവേദനത്തിൽ പരാമർശിക്കുന്നു. വയനാടിന്റെ ദുഃഖത്തിൽ പങ്കുചേരുന്നുണ്ടെന്നും എന്നാൽ അതിന്റെ പേരിൽ പുലികളി വേണ്ടെന്ന് വയ്ക്കുന്നത് ഭീമമായ നഷ്ടമാണ് കലാകാരന്മാർക്കുണ്ടാക്കുന്നതെന്നും സംഘാംഗങ്ങൾ പ്രതികരിച്ചു.