ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കള്ളപ്പണക്കേസിൽ പ്രതിപക്ഷ നേതാവ് രാഹുലിനെ വീണ്ടും ചോദ്യം ചെയ്‌തേക്കും. ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് രാഹുലിന് ഇഡി ഉടൻ നോട്ടീസ് നൽകുമെന്നാണ് റിപ്പോർട്ട്. സോണിയയും രാഹുലും ഡയറക്ടർമാരായിട്ടുള്ള യങ് ഇന്ത്യ കമ്പനി നാഷണൽ ഹെറാൾഡ് പത്രത്തിന്റെ സ്വത്തുവകകൾ ഏറ്റെടുത്തതിലെ ക്രമക്കേടാണ് ഇഡി അന്വേഷിക്കുന്നത്.
നാഷണൽ ഹെറാൾഡ് കള്ളപ്പണക്കേസിൽ ഇഡി തുടർനടപടികൾ ശക്തമാക്കുന്നതോടെ കോൺഗ്രസ് നേതൃത്വത്തിന് കുരുക്ക് മുറുകുകയാണ്. 2022ൽ രാഹുലിനെയും കോൺഗ്രസ് മുൻ അദ്ധ്യക്ഷ സോണിയയെയും ഇഡി ചോദ്യം ചെയ്തിരുന്നു. ഡൽഹി, മുംബൈ തുടങ്ങി വിവിധ ഇടങ്ങളിൽ നാഷണൽ ഹെറാൾഡ്, യങ് ഇന്ത്യ കമ്പനികളുമായി ബന്ധപ്പെട്ട ഇടങ്ങളിൽ ഇഡി പരിശോധനയും നടത്തി. 751 കോടിയുടെ അനധികൃത സ്വത്തുക്കൾ ഇതിനോടകം ഇഡി കണ്ടുകെട്ടിയിട്ടുണ്ട്.
സോണിയയും രാഹുലും ഡയറക്ടർമാരായിട്ടുള്ള യങ് ഇന്ത്യ കമ്പനി നാഷണൽ ഹെറാൾഡ് പത്രത്തിന്റെ കോടിക്കണക്കിന് രൂപയുടെ സ്വത്തുവകകൾ ഏറ്റെടുത്തത്തിലെ ക്രമക്കേടാണ് ഇഡി അന്വേഷിക്കുന്നത്. അഞ്ചു ലക്ഷം രൂപ മാത്രം മൂലധനമുണ്ടായിരുന്ന യങ് ഇന്ത്യ കമ്പനി നാഷണൽ ഹെറാൾഡിന്റെ ഭൂമി ഉൾപ്പെടുന്ന സ്വത്തുവകകൾ ഏറ്റെടുത്തത്തിന്റെ ക്രമക്കേടുകൾ 2013ലാണ് പുറത്തുവരുന്നത്. ഇതുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാക്കളായ മല്ലികാർജ്ജുൻ ഖാർഗെ, പവൻ കുമാർ ബൻസൽ എന്നിവരെയും നേരത്തെ ചോദ്യം ചെയ്തതിട്ടുണ്ട്.