ന്യൂഡൽഹി: വഖഫ് ഭേദഗതി ബില്ലിന് പിന്തുണയുമായി ഡൽഹിയിലെ ഷിയാ മുസ്ലീം നേതാക്കൾ. ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജുവിനെ നേരിൽ കണ്ടാണ് അവർ പിന്തുണ അറിയിച്ചത്.
ഡൽഹി ഷിയാ മുസ്ലീം വ്യക്തിനിയമ ബോർഡ് അംഗങ്ങൾ പിന്തുണ അറിയിക്കാൻ കേന്ദ്രമന്ത്രി കിരൺ റിജിജുവിന്റെ വസതിയിലേക്ക് എത്തുകയായിരുന്നു. വഖഫ് ഭേദഗതി ബില്ലിലെ വ്യവസ്ഥകൾ പ്രശംസനീയമാണെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടി. ബിൽ കൊണ്ടുവന്നതിന് മോദി സർക്കാരിനോട് നന്ദി അറിയിക്കുന്നതായും ഷിയാ നേതാക്കൾ പറഞ്ഞു. വഖഫ് ഭേദഗതി ബിൽ മുസ്ലീം വിരുദ്ധമാണെന്ന് പ്രതിപക്ഷം ആരോപിക്കുമ്പോഴാണ് മുസ്ലീം സംഘടന തന്നെ നേരിട്ടെത്തി കേന്ദ്രസർക്കാരിന് പിന്തുണ അറിയിച്ചിരിക്കുന്നത്.
The Members of Delhi Shia Muslim Personal Law Board extended their gratitude to @narendramodi ji govt for bringing the- Waqf Amendment Bill 2024. pic.twitter.com/xKfu7Fu7a9
— Kiren Rijiju (@KirenRijiju) August 12, 2024
വഖഫ് ബില്ലിനെ പിന്തുണച്ച് ഇന്ത്യയിലെ ഹജ്ജ് അസോസിയേഷനും രംഗത്തെത്തിയിരുന്നു. കേന്ദ്രസർക്കാരിന്റെ ഭാഗത്ത് നിന്നുള്ള മഹത്തായ ചുവടുവയ്പ്പാണിതെന്ന് അസോസിയേഷൻ ചെയർമാൻ എ. അബൂബക്കർ പ്രതികരിച്ചു. പാവപ്പെട്ടവരെ സഹായിക്കാനും സ്ത്രീശാക്തീകരണത്തിനും വഴിയൊരുക്കുന്ന ബില്ലാണിതെന്ന് അദ്ദേഹം പറഞ്ഞു.
വഖഫ് ബോർഡിനെ നിയന്ത്രിക്കുന്നത് നല്ലതിനെന്ന നിലപാടാണ് സൂഫി സംഘടനകളും സ്വീകരിച്ചത്. സൂഫി സംഘടനയായ ഓൾ ഇന്ത്യ സൂഫി സജ്ജദനാഷിൻ കൗൺസിൽ വഖഫ് ബില്ലിനെ പിന്തുണച്ച് നേരത്തെ രംഗത്തെത്തിയിരുന്നു.