പാലക്കാട്: പൂവൻകോഴിക്കെതിരെ നഗരസഭയിൽ പരാതി നൽകി വീട്ടമ്മ. ഷൊർണൂർ നഗരസഭയിലെ പത്താം വാർഡിൽ നിന്നാണ് വിചിത്രമായ പരാതി എത്തിയത്. അയൽവാസിയുടെ പൂവൻ കോഴിയുടെ കൂവൽ തന്റെ സുഖകരമായ ഉറക്കം നഷ്ടപ്പെടുത്തുന്നു എന്നാണ് പരാതിയുടെ ഉള്ളടക്കം.
അതിരാവിലെ കോഴി കൂവി തുടങ്ങും, ഇതിന് ശേഷം ഉറങ്ങാൻ ബുദ്ധിമുട്ടാണ്. കൂടാതെ കൂട് വൃത്തിയായി സൂക്ഷിക്കുന്നുമില്ല ഇതൊക്കെയാണ് വീട്ടമ്മയുടെ ഉന്നയിച്ച ആരോപണങ്ങൾ. കൂട് വൃത്തിയാക്കുന്ന കാര്യത്തിൽ വീട്ടുകാർക്ക് നിർദ്ദേശം നൽകാമെന്ന് തീരുമാനമായെങ്കിലും കോഴിയുടെ കൂവൽ നഗരസഭയ്ക്ക് മുന്നിൽ വലിയ ചോദ്യ ചിഹ്നമായി.
ഒടുവിൽ പ്രശ്നം കൗൺസിലിന്റെ മുന്നിലെത്തി. ഭരണ പ്രതിപക്ഷ അംഗങ്ങൾ സജീവമായി ചർച്ചയിൽ പങ്കെടുത്തു. തുടർന്ന് പരാതിക്കാരിയുടെ വീട് സന്ദർശിച്ച് വിഷയം പഠിച്ച് റിപ്പോർട്ട് നൽകാൻ ആരോഗ്യ വിഭാഗത്തെ അദ്ധ്യക്ഷൻ ചുമതലപ്പെടുത്തി.