എല്ലാം തകർത്തെറിഞ്ഞ് ഒരുപാട് കുടുംബങ്ങളെ കവർന്നെടുത്തു, ചിലരെ അനാഥരാക്കി, മറ്റ് ചിലർക്ക് സ്വത്തുക്കളെല്ലാം നഷ്ടപ്പെട്ടു.. ഇങ്ങനെ പോകുന്നു ഒറ്റരാത്രികൊണ്ട് ചൂരൽ മലയും അട്ടമലയും മറിച്ചെത്തിയ ഉരുൾപൊട്ടലിന്റെ നഷ്ടങ്ങൾ. ദുരന്തത്തിന്റെ വാർത്തകൾ പരന്നതോടെ സൈന്യമടക്കം രക്ഷാപ്രവർത്തനത്തിനായി ദുരന്തഭൂമിയിലേക്ക് ഓടിയെത്തി. ആ കൂട്ടത്തിൽ രണ്ട് സഹോരങ്ങളായ പട്ടാളക്കാരുമുണ്ട്. എന്നാൽ മുണ്ടക്കൈയിലെ തെരച്ചിൽ അവർക്ക് രക്ഷാപ്രവർത്തനം മാത്രമായിരുന്നില്ല കളിച്ചുവളർന്ന ജന്മനാടിനായി ചെയ്യാൻ സാധിക്കുന്നതെല്ലാം ചെയ്യുകയെന്ന കടമ കൂടിയായിരുന്നു.
വളർത്തി വലുതാക്കിയ നാടിന്റെയും കളിക്കൂട്ടുകാരുടെയും ബന്ധുക്കളുടെയും അവശേഷിപ്പുകളെങ്കിലും കണ്ടെത്താനുള്ള ദൗത്യത്തിലാണ് സുബേദാർ ജിനോഷ് ജയനും ഹവിൽദാർ പ്രവീൺ പ്രകാശും. ജന്മനാടിനെ ഉരുൾ കവർന്നെന്ന വാർത്ത എത്തിയപ്പോൾ ലീവെടുത്ത് രക്ഷാദൗത്യം എത്തിയവരാണ് സഹോദരങ്ങളായ ഈ സൈനികർ. ഉരുൾപൊട്ടലിന്റെ പിറ്റേന്ന് മുതൽ അവർ ഈ ദുരന്തഭൂമിയിലുണ്ട്.
ഉറ്റവരെ ഉരുളെടുത്തപ്പോൾ നെഞ്ചുറപ്പോടെ ദുരന്തഭൂമിയിൽ ഓടിയെത്തിയവരാണ് ജിനോഷും പ്രവീണും. ആ കൂട്ടത്തിൽ അച്ഛന്റെ സഹോദരന്റെ കുടുംബത്തെയും ഇരുവർക്കും നഷ്ടപ്പെട്ടിരുന്നു. വല്ല്യമ്മയുടെ മൃതദേഹം ഇതുവരെയും കണ്ടെത്തിയിട്ടില്ലെന്ന് ജിനോഷ് പറഞ്ഞു.
സൺറൈസ് വാലിയിലും സൂചിപ്പാറയിലും ഉറ്റവരെ തേടിയിറങ്ങി. ആ തെരച്ചിലിൽ സുഹൃത്തുക്കളുടെയും അച്ഛന്റെ സഹോദരന്റെ മകന്റെയും മൃതദേഹം ലഭിച്ചു.
സൈനിക സഹോദരങ്ങളുടെ സാന്നിധ്യം രക്ഷാപ്രവർത്തനത്തിന് സഹായകമായെന്ന് ഉന്നത ഉദ്യോഗസ്ഥരും പറഞ്ഞു. അടുത്തറിഞ്ഞ പ്രദേശങ്ങളിൽ ചിന്നിച്ചിതറിയ ഉറ്റവരുടെ മൃതദേഹങ്ങൾ കണ്ടെടുക്കുമ്പോൾ അവരുടെ ചങ്കിടിക്കുന്നുണ്ടെങ്കിലും ഈ സമയവും കടന്നുപോകുമെന്ന് നെഞ്ചുറപ്പോടെ അവർ പറയുന്നു.















