കൽപ്പറ്റ: വയനാട്ടിൽ വീണ്ടും ശക്തമായ മഴ. കടച്ചിക്കുന്ന്, വടുവൻചാൽ മേഖലയിൽ മൂന്ന് മണിക്കൂറിനുള്ളിൽ 100 മില്ലിമീറ്റർ മഴയാണ് പെയ്തത്. ഉരുൾപൊട്ടൽ ഉണ്ടായ മുണ്ടക്കൈ, ചൂരൽമല മേഖലയോട് ചേർന്ന പ്രദേശങ്ങളാണിത്.
ഹ്യൂം സെന്റർ ഫോർ ഇക്കോളജി ആൻഡ് വൈൽഡ് ലൈഫ് ആണ് മുന്നറിയിപ്പ് നൽകിയത്. ഇരുന്നൂറോളം മഴമാപിനികളിൽ നിന്നും ശേഖരിക്കുന്ന മഴവെളളത്തിന്റെ തോതും കാലാവസ്ഥയും നിരീക്ഷിച്ചാണ് ഹ്യൂമിന്റെ പ്രവചനം. വൈത്തിരി, മേപ്പാടി, മൂപ്പൈനാടി, തൊണ്ടർനാട്, തിരുനെല്ലി, കോട്ടത്തറ പഞ്ചായത്തുകളിൽ ശക്തമായ മഴ പെയ്യാൻ സാദ്ധ്യതയുണ്ടെന്നും ഹ്യൂം പ്രവചിക്കുന്നു.
മുണ്ടക്കൈയിലും ചൂരൽമലയിലും ഉരുൾപൊട്ടുന്നതിന് 16 മണിക്കൂർ മുൻപ് ഹ്യൂം നൽകിയ മുന്നറിയിപ്പുകൾ ജില്ലാ ഭരണകൂടവും സർക്കാരും അവഗണിച്ചത് വലിയ ചർച്ചയായിരുന്നു. വയനാട്ടിലെ കർഷകരെ സഹായിക്കുന്നതിന് വേണ്ടിയാണ് ഹ്യൂം മഴമാപിനികൾ സ്ഥാപിച്ച് മഴയുടെ തോത് നിരീക്ഷിക്കുന്നത്.