ധാക്ക: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ത്യയിൽ താമസിക്കുന്നത് ഇരുരാജ്യങ്ങളുമായുളള ബന്ധത്തെ ബാധിക്കില്ലെന്ന് ഇടക്കാല സർക്കാരിലെ വിദേശകാര്യ ഉപദേഷ്ടാവ് മൊഹമ്മദ് തൗഹിദ് ഹൊസൈൻ.
പരസ്പര താൽപര്യമുളള വിഷയങ്ങളെ അടിസ്ഥാനമാക്കിയാണ് ഉഭയകക്ഷി ബന്ധങ്ങൾ നിലനിൽക്കുന്നതെന്നും മൊഹമ്മദ് തൗഹിദ് കൂട്ടിച്ചേർത്തു. ഹസീനയുടെ ഇന്ത്യയിലെ താമസം നീണ്ടുപോയാൽ അത് ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമോയെന്ന ചോദ്യത്തിനായിരുന്നു മറുപടി.
ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത്തരം പ്രചാരണങ്ങൾ നടക്കുന്നതെന്ന് മൊഹമ്മദ് തൗഹിദ് കൂട്ടിച്ചേർത്തു. നേരത്തെ വിദേശരാജ്യങ്ങളുടെ പ്രതിനിധികളോട് തൗഹിദ് ബംഗ്ലാദേശിലെ അവസ്ഥ വിശദീകരിക്കുകയും പിന്തുണ തേടുകയും ചെയ്തിരുന്നു. ഇന്ത്യൻ ഹൈക്കമ്മീഷണർ പ്രണയ് വർമയും പങ്കെടുത്തിരുന്നു.
ബംഗ്ലാദേശിൽ വ്യാപക അക്രമങ്ങൾക്കൊടുവിൽ ഭരണം കൈവിട്ടുപോകുമെന്നും ആക്രമിക്കപ്പെടാൻ സാദ്ധ്യതയുണ്ടെന്നും വ്യക്തമായതോടെയാണ് ഷെയ്ഖ് ഹസീന സൈനിക ഹെലികോപ്ടറിൽ രാജ്യം വിട്ടത്.