വാഷിംഗ്ടൺ: ഇന്ത്യ-യുഎസ് ബന്ധത്തെ പ്രശംസിച്ച് വൈറ്റ് ഹൗസ്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഏറെ ശക്തവും ദൃഢവുമാണെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരീൻ ജീൻ പിയറി പറഞ്ഞു. പല നിർണായക മേഖലകളിലും ഇന്ത്യയും യുഎസും അടുത്ത് പ്രവർത്തിക്കുന്നുണ്ടെന്നും കരീൻ ജിൻ പിയറി വ്യക്തമാക്കി. ” ഇന്ത്യയുമായുള്ള അമേരിക്കയുടെ ബന്ധം വളരെ അധികം പ്രാധാന്യമുള്ളതായിട്ടാണ് പ്രസിഡന്റ് വീക്ഷിക്കുന്നത്.
അമേരിക്കയ്‌ക്ക് ഏറ്റവും പ്രധാനപ്പെട്ട വിഷയങ്ങളിലെല്ലാം, അതായത് ക്വാഡ് ഉൾപ്പെടെയുള്ള മുൻഗണനാ വിഷയങ്ങളിൽ ഇന്ത്യയുമായി ചേർന്നാണ് പ്രവർത്തിക്കുന്നത്. അതുകൊണ്ട് തന്നെ ഇന്ത്യയുമായുള്ള പങ്കാളിത്തം എല്ലാക്കാലത്തും വളരെ പ്രധാനപ്പെട്ടതാണ്. അത് വിപുലീകരിക്കാനും, അമേരിക്കൻ ജനതയ്‌ക്ക് പ്രയോജനമുണ്ടാകുന്ന രീതിയിൽ മുന്നോട്ട് കൊണ്ടുപോകാനുമാണ് ആഗ്രഹിക്കുന്നത്. ഇന്തോ-പസഫിക് മേഖല സുരക്ഷിതമാക്കാനും, നല്ലൊരു ലോകത്തെ സൃഷ്ടിക്കാനുമാണ് ആഗ്രഹിക്കുന്നത്. ഈ ലക്ഷ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടാണ് ഓരോ കാര്യങ്ങളിൽ തീരുമാനമെടുക്കുന്നതെന്നും” കരീൻ ജീൻ പിയറി പറയുന്നു.
ക്വാഡ് സഖ്യം വഴി ഇന്ത്യ, ഓസ്‌ട്രേലിയ, ജപ്പാൻ, യുഎസ് എന്നീ രാജ്യങ്ങൾ തമ്മിലുള്ള നയതന്ത്ര പങ്കാളിത്തം ശക്തമായ രീതിയിലാണ് മുന്നോട്ട് കൊണ്ടുപോകുന്നത്. കഴിഞ്ഞ മാസം നടന്ന ക്വാഡ് വിദേശകാര്യമന്ത്രിമാരുടെ യോഗത്തിൽ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ, കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കർ, ജപ്പാൻ വിദേശകാര്യ മന്ത്രി യോകോ കാമികാവ, ഓസ്ട്രേലിയയുടെ പെന്നി വോങ് എന്നിവർ പങ്കെടുത്തിരുന്നു. ഈ വർഷം അവസാനം നടക്കുന്ന ക്വാഡ് ഉച്ചകോടിക്ക് ഇന്ത്യയാണ് ആതിഥേയത്വം വഹിക്കുന്നത്. 2025ലെ ക്വാഡ് വിദേശകാര്യമന്ത്രിമാരുടെ യോഗത്തിന് യുഎസ് ആതിഥേയത്വം വഹിക്കും.















