ന്യൂഡൽഹി: ഇന്ത്യയുടെ ഏറ്റവും പുതിയ ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇഒഎസ്-08-ന്റെ (Earth Observation Satellite-08) വിക്ഷേപണം മാറ്റിയതായി ഇസ്രോ. ഓഗസ്റ്റ് 16-ന് രാവിലെ 9.17-നാകും വിക്ഷേപണമെന്ന് ഐഎസ്ആർഒ എക്സിലൂടെ അറിയിച്ചു. നേരത്തെ ഓഗസ്റ്റ് 15-ന് വിക്ഷേപിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. വിക്ഷേപണ തീയതി മാറ്റിയത് സംബന്ധിച്ച കാരണം ഇസ്രോ വ്യക്തമാക്കിയിട്ടില്ല.
പരിസ്ഥിതി നിരീക്ഷണം, ദുരന്തനിവാരണം, ഗഗൻയാൻ ദൗത്യത്തിനുള്ള പിന്തുണ എന്നിവയാണ് ഇഒഎസ്-08-ന്റെ പരമ പ്രധാനമായ ലക്ഷ്യം. സമുദ്രോപരിതലത്തിലെ കാറ്റിന്റെ വിശകലനം, മണ്ണിന്റെ ഈർപ്പം വിലയിരുത്തൽ, ഹിമാലയൻ മേഖലയിലെ ക്രയോസ്ഫിയർ പഠനം, വെള്ളപ്പൊക്കം കണ്ടെത്തൽ, ഉൾനാടൻ ജലാശയങ്ങൾ നിരീക്ഷിക്കാനും ഉപഗ്രഹം സഹായിക്കും. ദുരന്തങ്ങൾ, പരിസ്ഥിതി, അഗ്നിപർവതങ്ങൾ എന്നിവയുടെയെല്ലാം നിരീക്ഷണങ്ങൾക്കും ഉപഗ്രഹം ഉപകരിക്കും.
ഇലക്ട്രോ ഒപ്റ്റിക്കൽ ഇൻഫ്രാറെഡ് പേലോഡ്, ഗ്ലോബൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം-റിഫ്ലെക്റ്റോമെട്രി പേലോഡ്, SiC യുവി ഡോസിമീറ്റർ എന്നിങ്ങനെ മൂന്ന് പേലോഡുകളാണ് ഉപഗ്രഹം വഹിക്കുന്നത്. പകലും രാത്രിയും ചിത്രങ്ങൾ പകർത്താൻ രൂപകൽപ്പന ചെയ്ത ഇലക്ട്രോ ഒപ്റ്റിക്കൽ ഇൻഫ്രാറെഡ് പേലോഡും ഇതിൽ ഉൾപ്പെടുന്നു. 37.4 ഡിഗ്രി ചെരിവോടുകൂടി വൃത്താകൃതിയിലുള്ള ലോ എർത്ത് ഓർബിറ്റിൽ 475 കിലോമീറ്റർ ഉയരത്തിലാണ് ഇഒഎസ്-08 പ്രവർത്തിക്കുക. ഒരുവർഷത്തെ ആയുസാണ് ഉപഗ്രഹത്തിനുള്ളത്.
🚀SSLV-D3/EOS-08🛰️ Mission:
The launch of the third developmental flight of SSLV is scheduled for August 16, 2024, in a launch window of one hour starting at 09:17 Hrs. IST pic.twitter.com/JWxq9X6rjk
— ISRO (@isro) August 12, 2024















