കൊച്ചി: മത്സ്യത്തൊഴിലാളികളുടെ ഭൂമി വഖഫ് സ്വത്തെന്ന് അവകാശപ്പെട്ട് കൈവശപ്പെടുത്താൻ ശ്രമം. ചെറായി – മുനമ്പം മേഖലയിലെ മത്സ്യത്തൊഴിലാളികളുടെ മുൻ തലമുറ വിലയാധാരം വാങ്ങിയ ഭൂമിക്കായാണ് അവകാശവാദം ഉന്നയിക്കുന്നത്. പ്രദേശത്തെ 405 ഏക്കറോളം ഭൂമിയും വഖഫ് സ്വത്താണെന്നാണ് അവകാശവാദം. വഖഫ് ബോർഡിന്റെ നീക്കത്തെ ചെറുക്കാനൊരുങ്ങുകയാണ് വൈപ്പിൻ വേളാങ്കണ്ണി കടപ്പുറത്തെ ജനത.
1902-ൽ തിരുവിതാംകൂർ രാജാവ് അബ്ദുൾ സത്താർ സേഠിന് നൽകുകയും പിന്നീട് ഭൂമി ലഭിച്ച കോഴിക്കോട് ഫാറൂഖ് കോളേജ് മാനേജ്മെൻ്റ് ഇവിടെ താമസിച്ചിരുന്ന മത്സ്യത്തൊഴിലാളികൾക്ക് ഭൂമി വിൽക്കുകയായിരുന്നു. വിലയാധാരം ലഭിച്ച ഭൂമിക്ക് 610 കുടുംബങ്ങളും കരമടച്ച് താമസിച്ച് വരുന്നതിനിടയിലാണ് 2019-ൽ വഖഫ് ബോർഡിന്റെ ആസ്തി വിവരത്തിൽ ഈ ഭൂമിയും ഉൾപ്പെടുത്തിയത്. പിന്നാലെ കേരള വഖഫ് സംരക്ഷണ വേദിയുടെ പേരിൽ ഹൈക്കോടതിയെ സമീപിച്ച് പോക്കുവരവ് ഉത്തരവും തടഞ്ഞു.
405 ഏക്കളോളം ഭൂമിയുണ്ടെന്ന് അവകാശവാദം ഉന്നയിക്കുന്ന ഇവിടെ കടൽകയറിയത് കഴിഞ്ഞ് 114 ഏക്കർ മാത്രമാണ് ബാക്കിയുള്ളത്.1975-ലെ ഹൈക്കോടതി ഉത്തരവിൽ വഖഫ് ഭൂമിയല്ലെന്ന് കൃത്യമായി പറയുന്നുണ്ടെന്നും ആധാരം കിട്ടി കൈവശമുള്ള ഭൂമിക്ക് എങ്ങനെയാണ് വഖഫിന് അവകാശമുന്നയിക്കാനാവുകയെന്നുമാണ് ഭൂസംരക്ഷണ സമിതി ഭാരവാഹികൾ ചോദിക്കുന്നത്.
ഏതെങ്കിലും കാലത്ത് കോളേജ് നടപ്പിലില്ലാതെ വരികയും വസ്തുവകകൾ ശേഷിക്കുകയും ചെയ്താൽ പിന്തുടർച്ചാവകാശികൾക്ക് അവകാശവും അധികാരവുമുണ്ടെന്ന് ഫാറൂഖ് കോളേജിന് ഭൂമി കൈമാറിയ കരാറിലുണ്ട്. യാതൊരു നിബന്ധനകളുമില്ലാതെ ശാശ്വതമായി അള്ളാഹുവിനുള്ള ഇസ് ലാം മതവിശ്വാസിയുടെ സമർപ്പണമാണ് വഖഫ് എന്നതിനാൽ വ്യവസ്ഥ വച്ച് കൈമാറിയ ഭൂമി വഖഫ് സ്വത്തായി മാറില്ലെന്നും ഭൂസംരക്ഷണ സമിതി ചൂണ്ടിക്കാട്ടുന്നു.
പോക്കുവരവ് ചെയ്യുന്നത് ഹൈക്കോടതി തടഞ്ഞതോടെ പണം കൊടുത്ത് നിയമാനുസൃതം വാങ്ങിയ ഭൂമിയിൽ നിർമ്മാണങ്ങൾ നടത്താനോ, ഇതു വച്ച് ബാങ്കിൽ നിന്ന് ലോണെടുക്കാനോ കഴിയാതെയായി. സാധാരണക്കാരിൽ സാധാരണക്കാരായവരാണ് ഇവിടെ കഴിയുന്നത്. മക്കളുടെ പഠനത്തിനും, വിവാഹത്തിനും വഴി കാണാതെ പ്രതിസന്ധിയിലാവുകയാണ് ഇവർ.















