മണ്ണാർക്കാട്: യാത്രയ്‌ക്കിടെ കുഴഞ്ഞുവീണ സ്ത്രീക്ക് രക്ഷകരായി ബസ് ജീവനക്കാരും സഹയാത്രികയും. പാലക്കാട് നിന്ന് കോഴിക്കോടേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസിൽ ഇന്നലെ ഉച്ചയ്‌ക്ക് ഒന്നരയോടെയാണ് സംഭവം. ഡ്രൈവറുടെ തൊട്ടു പിന്നിലെ സീറ്റിലിരുന്ന കോയമ്പത്തൂർ സ്വദേശി ഉഷയാണ്(58) കുഴഞ്ഞുവീണത്.
മണ്ണാർക്കാടിനടുത്ത് ചിറക്കൽപ്പടിയിൽ വച്ചാണ് ഇവർ കുഴഞ്ഞുവീഴുന്നത്. ഉഷ കുഴഞ്ഞുവീണതോടെ സമീപത്തിരുന്ന യാത്രക്കാർ ബഹളം വച്ചു. ഇതോടെ മറ്റൊരു സീറ്റിലിരുന്ന ഇടുക്കി സ്വദേശി ബീന ബേബി ഓടിയെത്തി പൾസ് നോക്കുകയും ഉടൻ ആശുപത്രിയിലെത്തിക്കാൻ നിർദേശിക്കുകയുമായിരുന്നു.
ബീന തന്നെ ഇവർക്ക് സിപിആർ കൊടുക്കാൻ തുടങ്ങി. ഇരുപത് മിനിറ്റോളം തുടർച്ചയായി സിപിആർ കൊടുത്തതോടെ ഉഷ കണ്ണ് തുറക്കുകയായിരുന്നു. ബസ് ഡ്രൈവർ നാരായണൻകുട്ടിയും കണ്ടക്ടർ ഷംസുദ്ദീനും തൊട്ടടുത്ത് ആശുപത്രി എവിടെയാണെന്ന് അറിയാതെ കുഴങ്ങിയെങ്കിലും യാത്രക്കാരനായ കാരാകുറുശ്ശി സ്വദേശി കെ. സുധാകരൻ വഴികാട്ടിയായി. തുടർന്ന് മണ്ണാർക്കാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി ആരോഗ്യനില മെച്ചപ്പെട്ടതോടെ ആശുപത്രി വിട്ടു.















