ന്യൂഡൽഹി: ബഹിരാകാശത്ത് എങ്ങനെ അതിജീവിക്കണമെന്നത് മനുഷ്യൻ പഠിച്ചുകഴിഞ്ഞുവെന്ന് ബഹിരാകാശത്ത് എത്തിയ ആദ്യ ഇന്ത്യൻ സഞ്ചാരിയായ രാകേഷ് ശർമ്മ. അന്താരാഷ്‌ട്ര യുവജന ദിനത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗഗൻയാൻ ദൗത്യത്തിലൂടെ പഴയകാല ഓർമ്മകളെല്ലാം താൻ പുതുക്കുകയാണെന്നും രാകേഷ് ശർമ്മ പറയുന്നു.
” ബഹിരാകാശ യാത്രയ്‌ക്കൊരുങ്ങുന്നവർ എന്തൊക്കെയാണ് ചെയ്യുന്നത്, അവർ എപ്രകാരമാണ് ചിന്തിക്കുന്നത് എന്നതെല്ലാം എനിക്ക് എളുപ്പത്തിൽ മനസിലാക്കാൻ കഴിയും. ഞങ്ങളുടെ കാലത്ത് ബഹിരാകാശ യാത്രയ്‌ക്ക് വേണ്ടിയുള്ള മുന്നൊരുക്കങ്ങളിൽ ഇന്നത്തേതിൽ നിന്ന് വ്യത്യാസങ്ങൾ ഉണ്ടായിരുന്നു. ഞങ്ങൾ റഷ്യയിൽ പോയി മറ്റൊരു ഭാഷയിൽ പരിശീലനം നടത്തി. ബഹിരാകാശത്ത് എപ്രകാരം അതിജീവിക്കണമെന്നത് മനസിലാക്കി. എന്നാൽ ഇന്ന് ആ സാഹചര്യങ്ങളിലെല്ലാം വളരെ അധികം വ്യത്യാസങ്ങൾ വന്നു കഴിഞ്ഞു.
ബഹിരാകാശത്തേക്ക് പോകുന്നതിന് മുൻപ് മനുഷ്യശരീരത്തെ സജ്ജമാക്കുന്ന പ്രക്രിയ അതേപടി തുടരുന്നുണ്ട്. ചന്ദ്രനിൽ ഭൂമിയിലേത് പോലെ താമസസ്ഥലങ്ങൾ ഒരുക്കുക എന്നതായിരിക്കും മറ്റൊരു നാഴികക്കല്ല്. ഭൂമിയിൽ നിന്ന് വ്യത്യസ്തമായ അന്തരീക്ഷവുമായി നിങ്ങൾ എങ്ങനെ പൊരുത്തപ്പെടും എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഭൂമിക്ക് സമാനമായ അന്തരീക്ഷം ചന്ദ്രനിൽ സൃഷ്ടിക്കുക എന്നത് വലിയ വെല്ലുവിളി തന്നെയാണ്. അത് എപ്രകാരം സംഭവിക്കുന്നു എന്നത് കാത്തിരുന്നു തന്നെ കാണാം. ഓരോ ഘട്ടത്തിലും നമുക്ക് മുന്നിലുള്ള പ്രതിബന്ധങ്ങൾ മറികടന്ന് തന്നെ പോകണമെന്നും” രാകേഷ് ശർമ്മ പറഞ്ഞു.
സോവിയറ്റ് റോക്കറ്റ് സോയൂസ് ടി-11 ൽ ബഹിരാകാശത്ത് എത്തിയ ആദ്യ ഇന്ത്യക്കാരനായി രാകേഷ് ശർമ്മ മാറിയതിന്റെ 40ാം വാർഷികം അടുത്തിടെയാണ് ആഘോഷിച്ചത്. 1984 ഏപ്രിൽ മൂന്നിനാണ് അദ്ദേഹം യാത്ര തിരിച്ചത്. തുടർന്ന് സല്യൂട്ട്-7 ഓർബിറ്റൽ സ്റ്റേഷനിൽ ഏഴ് ദിവസവും 21 മണിക്കൂറുമാണ് അദ്ദേഹം ബഹിരാകാശത്ത് ചെലവഴിച്ചു.















