ന്യൂഡൽഹി: ഒളിമ്പിക്‌സ് ഹോക്കിയിൽ ചരിത്രം കുറിച്ച് തുടർച്ചയായ രണ്ടാം വെങ്കല മെഡൽ നേടിയ ശ്രീജേഷിനും സംഘത്തിനും ഭാരതമണ്ണിൽ ഉജ്ജ്വല വരവേൽപ്. ഡൽഹി വിമാനത്താവളത്തിൽ രാവിലെയെത്തിയ സംഘത്തിനെ വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് വിമാനത്താവളത്തിന് പുറത്ത് വരവേറ്റത്.
മലയാളി താരം പിആർ ശ്രീജേഷ്, സഞ്ജയ് റാണ, അഭിഷേക് നെയിൻ, അമിത് റോഹിദാസ്, സുമിത് വാൽമീകി എന്നിവരുൾപ്പെടെയാണ് രാവിലെ ഡൽഹിയിൽ വിമാനമിറങ്ങിയത്. ഹോക്കി ടീമിലെ ആദ്യ ബാച്ച് ശനിയാഴ്ച രാവിലെ മടങ്ങിയെത്തിയിരുന്നു. ഒളിമ്പിക്‌സിന്റെ സമാപന ചടങ്ങിനായി പാരിസിൽ തങ്ങിയ ബാക്കിയുളള ടീമംഗങ്ങളാണ് ഇന്ന് രാവിലെ എത്തിയത്.
വിമാനത്താവളത്തിന് പുറത്ത് മാദ്ധ്യമങ്ങൾക്ക് മുൻപിൽ ഒളിമ്പിക്‌സ് മെഡൽ പ്രദർശിപ്പിച്ച സംഘം മെഡൽ കഴുത്തിലണിഞ്ഞ് ചിത്രങ്ങൾക്ക് പോസ് ചെയ്യുകയും ചെയ്തു. ശ്രീജേഷിന്റെ അവസാന അന്താരാഷ്‌ട്ര മത്സരമായിരുന്നു പാരിസിലേത്. നേരത്തെ തന്നെ ഒളിമ്പിക്‌സോടെ വിടവാങ്ങുമെന്ന് താരം പ്രഖ്യാപിച്ചിരുന്നു. ആരാധകരെ കൈവീശി അഭിവാദ്യം ചെയ്താണ് താരം വിമാനത്താവളത്തിന് പുറത്തേക്ക് എത്തിയത്.
ഇന്ത്യയുടെ വെങ്കല മെഡൽ പോരാട്ടത്തിൽ ഉൾപ്പെടെ ശ്രീജേഷ് ശ്രദ്ധേയമായ പ്രകടനമാണ് പുറത്തെടുത്തത്. ശ്രീജേഷ് ഉളളതുകൊണ്ടാണ് ഇന്ത്യയ്‌ക്ക് വെങ്കല മെഡൽ ലഭിച്ചതെന്നായിരുന്നു ടീമംഗം സുമിത് വാൽമീകിയുടെ പ്രതികരണം. ടൂർണമെന്റിലുടനീളം ശ്രീജേഷ് മികച്ച പ്രകടനമാണ് നടത്തിയതെന്നും സുമിത് പറഞ്ഞു. രാജ്യത്തെ മൊത്തം അന്തരീക്ഷം നിങ്ങൾക്ക് കാണാവുന്നതാണ്. അവർ ഞങ്ങളെ കൂടുതൽ സ്‌നേഹിക്കുന്നു. ഏറെ അഭിമാനം തോന്നുന്നുവെന്നും കൂടുതൽ മികച്ച പ്രകടനം നടത്താൻ ഈ സ്‌നേഹം സഹായിക്കുമെന്നും സുമിത് പറഞ്ഞു.
1972 ലെ മ്യൂണിച്ച് ഗെയിംസിന് ശേഷം ആദ്യമായിട്ടാണ് ഒളിമ്പിക്‌സ് ഹോക്കിയിൽ ഇന്ത്യ തുടർച്ചയായി മെഡലുകൾ നേടുന്നത്.















