ന്യൂഡൽഹി: അമേരിക്കയുടെ പ്രസിഡന്റായി ആര് തെരഞ്ഞെടുക്കപ്പെട്ടാലും അവരുമായി ഏറ്റവും നല്ല രീതിയിൽ യോജിച്ച് പ്രവർത്തിക്കാൻ ഇന്ത്യയ്‌ക്ക് കഴിയുമെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ. ഇക്കാര്യത്തിൽ ഇന്ത്യയ്‌ക്ക് തികഞ്ഞ ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. വരാനിരിക്കുന്ന യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
” സാധാരണ രീതിയിൽ ഒരു രാജ്യത്തിന്റേയും തെരഞ്ഞെടുപ്പുകളിൽ നമ്മൾ അഭിപ്രായം പറയാറില്ല. നമ്മുടെ ആഭ്യന്തര വിഷയങ്ങളിൽ അവരും അതേ നിലപാട് തുടരുമെന്ന് നമ്മൾ പ്രതീക്ഷിക്കുന്നുണ്ട്. കഴിഞ്ഞ കുറച്ച് വർഷങ്ങൾ നോക്കിയാൽ ഒരു കാര്യം ഉറപ്പിച്ച് പറയാൻ കഴിയും. അമേരിക്കയുടെ പ്രസിഡന്റായി ആര് തെരഞ്ഞെടുക്കപ്പെട്ടാലും ഏറ്റവും നല്ല രീതിയിൽ തന്നെ അവരോട് യോജിച്ച് പ്രവർത്തിക്കാൻ കഴിയുമെന്നും” ജയശങ്കർ പറയുന്നു.
ആഗോള തലത്തിൽ വിവിധ പ്രശ്‌നങ്ങളിൽ എപ്രകാരമാണ് വീക്ഷണം നടത്തുന്നത് എന്ന ചോദ്യത്തിനും ജയശങ്കർ മറുപടി നൽകി. ” യുക്രെയ്ൻ-റഷ്യ, ഇസ്രായേൽ-ഹമാസ് എന്ന് തുടങ്ങീ അസാധാരണമായ രീതിയിൽ സംഘർഷങ്ങൾ നടക്കുന്ന കാലത്തിലൂടെയാണ് നമ്മളിന്ന് കടന്നുപോകുന്നത്. പശ്ചിമേഷ്യയിലും എന്താണ് സംഭവിക്കുന്നത് എന്നത് നിങ്ങൾ കാണുന്നുണ്ട്. അതുപോലെ യുക്രെയ്‌നിലും, ഏഷ്യയുടെ പല ഭാഗങ്ങളിലും ഒക്കെ സംഭവിക്കുന്നത് കാണുന്നുണ്ട്. പ്രശ്‌ന പരിഹാരമെന്നത് വലിയ കടമ്പ തന്നെയായി മാറുകയാണ്.
നമ്മൾ തിരിച്ചറിയാത്ത പ്രശ്‌നങ്ങൾ പോലും ഒരു മേഖലയെ ഒന്നാകെ പിടിച്ചു കുലുക്കുന്നുണ്ട്.കൊറോണ വലിയ ആഘാതമാണ് ലോകമെങ്ങും ഉണ്ടാക്കിയത്. അതിൽ നിന്ന് പുറത്ത് വന്നവർ അതിനെ നിസാരമായി കാണുന്നു. എന്നാലിന്നും അതിന്റെ ഭവിഷ്യത്തുകളിൽ നിന്ന് കരകയറാൻ കഴിയാത്തവരുണ്ട്. പല രാജ്യങ്ങളും വലിയ സാമ്പത്തിക വെല്ലുവിളി നേരിടുന്നുണ്ട്. കടുത്ത പ്രതിസന്ധിയിലൂടെയാണ് പലരും കടന്നു പോകുന്നത്. വ്യാപാര രംഗത്തെ ഉൾപ്പെടെ ഇത് പ്രതികൂലമായി ബാധിക്കുന്നു. ചെങ്കടലിൽ എന്താണ് സംഭവിക്കുന്നത് എന്ന് നിങ്ങൾ കാണുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനമെല്ലാം ആഗോള തലത്തിൽ തന്നെ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നുണ്ടെന്നും” അദ്ദേഹം കൂട്ടിച്ചേർത്തു.















