എറണാകുളം: കൊച്ചിയിൽ ഓടുന്ന കാറിൽ അഭ്യാസപ്രകടനം നടത്തിയ യുവാക്കൾ അറസ്റ്റിൽ. കൊല്ലം ശാസ്താംകോട്ട സ്വദേശികളായ ഷുഹൈബ്, ഷാഹ്ഫി, പ്രജീഷ് എന്നിവരാണ് അറസ്റ്റിലായത്. ഇൻ്റർവ്യൂവിനായി കോഴിക്കോട്ടേക്ക് പോകുന്ന വഴിയിൽ കൊച്ചി എംജി റോഡിൽ വച്ചാണ് യുവാക്കൾ കാറിന്റെ വാതിലിൽ കയറിയിരുന്ന് അഭ്യാസപ്രകടനം നടത്തിയത്.
പിന്നിൽ വന്ന വാഹനത്തിലെ യാത്രക്കാരാണ് ദൃശ്യങ്ങൾ പകർത്തി പൊലീസിന് കൈമാറിയത്. തുടർന്ന് കച്ചേരിപ്പടിയിൽ എത്തി മൂന്നു പേരെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇവർ മദ്യലഹരിയിൽ ആയിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇവർ സഞ്ചരിച്ചിരുന്ന വാഹനവും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മദ്യപിച്ച് വാഹനം ഓടിച്ചു, അപകടകരമായ രീതിയിൽ വാഹനം ഓടിച്ചു തുടങ്ങി വിവിധ വകുപ്പുകൾ ചുമത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.