ഇറാനിൽ ഹിജാബ് നിയമം ലംഘിച്ചെന്ന് കാട്ടി യുവതി പൊലീസ് വെടിവച്ചുവീത്തി. ശ്വാസകോശം തുളഞ്ഞ കയറി ബുള്ളറ്റ് നട്ടേല്ലിന് ഗുരുതരമായ ക്ഷതമേൽപ്പിച്ചതോടെ യുവതി ഇടുപ്പിന് താഴെ പക്ഷാഘാതം ബാധിച്ച് തളർന്നു കിടപ്പിലായി. തലനാരിഴയ്‌ക്കാണ് ജീവൻ തിരിച്ചുകിട്ടിയത്. ജൂലൈ 22ന് നടന്ന സംഭവം പുറംലോകത്തെ അറിയിച്ചത് ബിബിസി ആണ്. അരേസൂ ബഡ്രി എന്ന 31-കാരിയാണ് ക്രൂരമായ ആക്രമണത്തിന് വിധേയയായത്.
യുവതി കാറിൽ സഹോദരിക്കൊപ്പം ഇറാന്റെ വടക്ക് നൂർ സിറ്റിയിൽ നിന് വീട്ടിലേക്ക് പോവുകയായിരുന്നു. ഇവരുടെ കാർ പൊലീസ് തടഞ്ഞു പരിശോധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് വെടിയുതിർത്തത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച് പത്തു ദിവസത്തിന് ശേഷമാണ് ബുള്ളറ്റ് പുറത്തെടുക്കാനായത്. ടെഹ്റാനിലെ ആശുപത്രിയിലാണ് ഇവർ ചികിത്സയിൽ കഴിയുന്നത്.
ഹിജാബിന്റെ പേരിൽ മഹ്‌സ അമിനി കൊല്ലപ്പെട്ട് ഏകദേശം ഒന്നര വർഷത്തിന് ശേഷമാണ് ഏറ്റവും പുതിയ സംഭവം. 2022-ൽ, ഹിജാബ് ‘അനുചിതമായി’ ധരിച്ചെന്ന് പറഞ്ഞാണ് ഇറാനിലെ പൊലീസ് അമിനിയെ കസ്റ്റഡിയിലെടുക്കുയും പിന്നീട് കൊലപ്പെടുത്തുകയുമായിരുന്നു.
കസ്റ്റഡി മരണം രാജ്യവ്യാപകമായി ഹിജാബ് വിരുദ്ധ പ്രതിഷേധത്തിന് കാരണമായി. 1979ലെ ഇസ്‌ലാമിക വിപ്ലവത്തിന് ശേഷം ഇറാൻ സ്ത്രീകൾക്ക് കർശനമായ ഡ്രസ് കോഡ് ഏർപ്പെടുത്തിയിട്ടുണ്ട്. ഹിജാബ് ‘ശരിയായി’ ധരിക്കാത്ത സ്ത്രീകൾക്ക് ഹിജാബ് നിയമത്തിൽ വ്യവസ്ഥകളുണ്ട്, കൂടാതെ കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്ക് ശിക്ഷയും ജയിൽ ശിക്ഷയും നിർദ്ദേശിക്കുന്നു.