മൈസൂരു: സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ പാരമ്പര്യത്തെ മാനിക്കണമെന്ന് മൈസൂരു രാജകുടുംബം. ശ്രീ ചാമുണ്ഡേശ്വരി ക്ഷേത്ര വികസന അതോറിറ്റി- 2024 നിയമത്തിൻ മേൽ സ്റ്റേ നേടിയതിന് പിന്നാലെയാണ് രാജകുടുംബത്തിന്റെ പ്രതികരണം. ചാമുണ്ഡേശ്വരി ഹിൽസിന്റെ നിയന്ത്രണം ലക്ഷ്യമിട്ടായിരുന്നു കർണാടക സംസ്ഥാന സർക്കാർ നിയമം പാസാക്കിയത്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ സർക്കാർ നടപടിക്ക് സ്റ്റേ ലഭിച്ചതായി മൈസൂർ രാജകുടുംബത്തിന്റെ പിൻഗാമിയും എംപിയുമായ യെദുവീർ കൃഷ്ണദത്ത ചാമരാജ വാഡിയർ പറഞ്ഞു.
മൈസൂർ രാജ്ഞി പ്രമോദ ദേവിയും ഈ വിഷയത്തിൽ സംസ്ഥാന സർക്കാരിനെതിരെ ആഞ്ഞടിച്ചു. ” രാജകുടുംബത്തിന്റെ കുലദേവതയാണ് ചാമുണ്ഡേശ്വരി ദേവി. ചാമുണ്ഡി കുന്നിലെ ക്ഷേത്രങ്ങൾ കുടുംബത്തിന്റെ സ്വത്താണ്. ഇതിനെ വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റി പവിത്രത നശിപ്പിക്കാനാണ് സർക്കാർ ശ്രമം. 1971-ലെ ഭരണഘടനയുടെ 26-ാം ഭേദഗതി പ്രകാരം, രാജകുടുംബങ്ങൾ സ്വത്തുക്കളുടെ പട്ടിക സമർപ്പിക്കണമെന്ന് കേന്ദ്രസർക്കാർ നിർദ്ദേശമുണ്ടായിരുന്നു. ഇതനുസരിച്ച് മൈസൂർ രാജകുടുംബം ചാമുണ്ഡി ഹിൽസിലെ ക്ഷേത്രത്തിന്റെ അവകാശം സംബന്ധിച്ച് സർക്കാരിനെ അറിയിച്ചതാണ്. 1972-ൽ സംസ്ഥാന സർക്കാരിന്റെ ചീഫ് സെക്രട്ടറി ഒപ്പിടുകയും അംഗീകരിക്കുകയും ചെയ്തതാണ്, പ്രമോദദേവി കൂട്ടിച്ചേർത്തു.
ഫെബ്രുവരിയിലാണ് ശ്രീ ചാമുണ്ഡേശ്വരി ക്ഷേത്ര വികസന അതോറിറ്റിയുമായി ബന്ധപ്പെട്ട നിയമനിർമ്മാണം നടന്നത്. ഈ നിയമം അനുസരിച്ച് ചാമുണ്ഡേശ്വരി ക്ഷേത്രവുമായി ബന്ധപ്പെട്ട എല്ലാ സ്ഥാവര ജംഗമ വസ്തുക്കളുടേയും ഉടമസ്ഥാവകാശം, ഭരണം, നടത്തിപ്പ് എന്നിവ സംസ്ഥാന സർക്കാർ ഏറ്റെടുത്തിരുന്നു.