ധാക്ക: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്‌ക്കെതിരെ കൊലപാതകക്കേസ്. ഷെയ്ഖ് ഹസീനയ്‌ക്കും അവരുടെ മന്ത്രിസഭയിലുണ്ടായിരുന്ന മറ്റ് ആറ് ഉദ്യോഗസ്ഥർക്കുമെതിരെയാണ് കൊലക്കേസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. കഴിഞ്ഞ മാസം നടന്ന സംവരണ വിരുദ്ധ പ്രക്ഷോഭത്തിനിടെ യുവാവ് കൊല്ലപ്പെട്ട സംഭവത്തിലാണ് ഹസീനയ്‌ക്കെതിരെ കൊലക്കുറ്റം ചുമത്തി അന്വേഷണം ആരംഭിച്ചിരിക്കുന്നത്. ബംഗ്ലാദേശ് കോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
ഹസീനയുടെ മന്ത്രിസഭാംഗമായിരുന്ന അസുദസ്സാമൻ ഖാൻ, അവാമി ലീഗിന്റെ ജനറൽ സെക്രട്ടറിയായ ഒബായ്ദുൾ ക്വാഡെർ എന്നിവരും ഹസീനാ സർക്കാർ നിയമിച്ച നാല് മുതിർന്ന പൊലീസുകാർ എന്നിവർ കേസിൽ പ്രതികളാണ്. ധാക്ക മെട്രോപൊളിറ്റൻ കോടതിയുടെ ഉത്തരവ് പ്രകാരമാണ് കേസന്വേഷണം ആരംഭിച്ചിരിക്കുന്നത്. ഗ്രോസറി സ്റ്റോർ ജീവനക്കാരനായ യുവാവ് ജൂലൈ 19ന് വെടിയേറ്റ് മരിച്ചിരുന്നതായും ഇതിന്റെ ഉത്തരവാദിത്വം ഹസീനയ്‌ക്കും ഒപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥർക്കുമാണെന്ന വിലയിരുത്തലിലാണ് കൊലക്കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
76-കാരിയായ ഹസീന നിലവിൽ ഇന്ത്യയിൽ അഭയം പ്രാപിച്ചിരിക്കുകയാണ്. ഒരാഴ്ച മുൻപായിരുന്നു അവർ പ്രധാനമന്ത്രി സ്ഥാനം രാജിവച്ച് ബംഗ്ലാദേശിൽ നിന്നും ഇന്ത്യയിലെത്തിയത്. ഏതെങ്കിലുമൊരു യൂറോപ്യൻ രാജ്യത്ത് രാഷ്‌ട്രീയ അഭയം നേടാനുള്ള ശ്രമത്തിലാണ് ഹസീന. എന്നാൽ ബംഗ്ലാദേശിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന പക്ഷം ബംഗ്ലാദേശിലേക്ക് ഹസീന തിരിച്ചുവരുമെന്നാണ് റിപ്പോർട്ട്.