കട്ടക്കിൽ ചികിത്സ തേടിയെത്തിയ വനിത രോഗികളെ ലൈംഗികാതിക്രമത്തിനിരയാക്കിയ ഡോക്ടറെ സ്ത്രീകളുടെ ബന്ധുക്കളും സുഹൃത്തുക്കളും ചേർന്ന് കൈര്യം ചെയ്തു. SCB മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു സംഭവം. കട്ടക്കിലെ പ്രധാന ആശുപത്രിയാണിത്. കാർഡിയോളജി വിഭാഗത്തിലെ എംഡി വിദ്യാർത്ഥിയാണ് പ്രതി. ഇസിജി പരിശോധിക്കാനെത്തിയ രോഗികളെയാണ് ഇയാൾ ലൈംഗികാതിക്രമത്തിന് ഇരയാക്കിയത്. ഇതേ കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥിയുടെ അമ്മയും സഹോദരിയുമാണെത്തിയത്.
ബന്ധുക്കളും കോളേജിലെ മറ്റു വിദ്യാർത്ഥികളും തല്ലി പരിപ്പെടുത്ത ഡോക്ടറെ അതേ ആശുപത്രിയിലെ ഐസിയുവിൽ പ്രവേശിപ്പിച്ചു. മംഗലാബാഗ് പൊലീസ് സ്റ്റേഷനിൽ പരാതി എത്തിയതോടെയാണ് സംഭവം പുറം ലോകമറിഞ്ഞത്. ഡോക്ടർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തുവെന്ന് എസിപി അനിൽ മിശ്ര പറഞ്ഞു.
അതിക്രമത്തിനിരയായവരുടെ മൊഴികൾ രേഖപ്പെടുത്തുമെന്ന് പൊലീസ് പറഞ്ഞു. ഇവരും ഇതേ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ ആരോഗ്യ നില തൃപ്തികരമായതിന് ശേഷമാകും മൊഴിയെടുക്കുക. അതേസമയം കൊൽക്കത്തയിലെ സർക്കാർ ആശുപത്രിയിൽ പിജി ഡോക്ടർ ക്രൂരമായ പീഡനത്തിനിരയായി കൊല്ലപ്പെട്ടതിന് ദിവസങ്ങൾക്ക് ശേഷമാണ് വീണ്ടും ഡോക്ടർ പ്രതിയാകുന്ന പീഡന കേസ് രജിസ്റ്റർ ചെയ്യുന്നത്.