കൊച്ചി: ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കും ന്യൂനപക്ഷങ്ങൾക്കും നേരെ നടക്കുന്ന അക്രമങ്ങളിൽ കണ്ണടച്ച് മോദി സർക്കാരിനെ വിമർശിച്ച കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ ബിജെപി സംസ്ഥാന കമ്മിറ്റിയംഗം സന്ദീപ് വാര്യർ. ബംഗ്ലാദേശിൽ ഷെയ്ഖ് മുജീബുർ റഹ്‌മാന്റെ പ്രതിമകൾ തകർക്കപ്പെടുന്ന കാഴ്ചയെക്കാൾ ദയനീയമാണ് കോൺഗ്രസ് നേതാക്കളുടെ പ്രതികരണമെന്ന് സന്ദീപ് വാര്യർ ഫേസ്ബുക്ക് പ്രതികരണത്തിൽ പറഞ്ഞു.
‘ബഹുമാന്യനായ രമേശ് ചെന്നിത്തല പറയുന്നത് ഇന്ത്യയിലും ഇത് സംഭവിക്കുമെന്നാണ്. ഒന്നുകിൽ അദ്ദേഹത്തിന് ഇന്ത്യയെ അറിയില്ല, അല്ലെങ്കിൽ ചരിത്രമറിയില്ല. ഷെയ്ഖ് മുജീബുർ റഹ്‌മാനും അവാമി ലീഗും മകൾ ഷെയ്ഖ് ഹസീനയും മോദിയുടെ ബന്ധുക്കളായത് കൊണ്ടുള്ള സ്‌നേഹമല്ല, മറിച്ച് ഇന്ദിരാഗാന്ധിയുടെ കാലം തൊട്ട് അവരോടുള്ള ഇന്ത്യയുടെ സ്‌നേഹവും കരുതലുമാണ് നരേന്ദ്ര മോദി പ്രധാനമന്ത്രി ആയപ്പോൾ തുടർന്നത്’ സന്ദീപ് വാര്യർ ചൂണ്ടിക്കാട്ടി.
ഷെയ്ഖ് ഹസീന അധികാരഭ്രഷ്ടയാകുമ്പോൾ നഷ്ടം മോദിക്ക് വ്യക്തിപരമല്ല, മറിച്ച് രാഷ്‌ട്രത്തിനാണ് എന്ന തിരിച്ചറിവ് കോൺഗ്രസ് നേതാക്കൾക്ക് ഇല്ലാതെ പോയല്ലോയെന്നും അദ്ദേഹം പറഞ്ഞു. മാലദ്വീപിൽ ഇന്ത്യാവിരുദ്ധർ അധികാരം പിടിച്ചപ്പോഴും കോൺഗ്രസുകാർക്ക് ഭ്രാന്തമായ സന്തോഷമായിരുന്നുവെന്ന് സന്ദീപ് വാര്യർ ചൂണ്ടിക്കാട്ടി.
ബംഗ്ലാദേശിൽ എട്ടുശതമാനം മാത്രം ബാക്കിയുള്ള ഹിന്ദുക്കൾക്കെതിരെ നടക്കുന്ന നരനായാട്ടിൽ കോൺഗ്രസിന് മിണ്ടാട്ടമില്ല. ഗാസ ബോയ് രാഹുൽ ഗാന്ധിയൊന്നും വാ പോലും തുറക്കുന്നില്ല .
ഹിന്ദുക്കളോട് എങ്ങനെയാണ് കോൺഗ്രസിന് ഇങ്ങനെ അനീതി കാണിക്കാൻ കഴിയുന്നതെന്നും വോട്ട് ബാങ്കിന് വേണ്ടി ഇത്രയും തരം താഴാമോ കോൺഗ്രസേയെന്നും ചോദിച്ചാണ് ഫേസ് ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
ബംഗ്ലാദേശിൽ നടക്കുന്നത് ജനകീയ പ്രക്ഷോഭമാണെന്ന് ആയിരുന്നു രമേശ് ചെന്നിത്തലയുടെ വാക്കുകൾ. മോദി സർക്കാർ ഇതിൽ നിന്നും പാഠം ഉൾക്കൊളളണമെന്നും ചെന്നിത്തല പറഞ്ഞിരുന്നു. പി.ടി തോമസ് സ്മാരക ഗ്രന്ഥശാല ആന്റ് ഗവേഷണ കേന്ദ്രം കെപിസിസി ആസ്ഥാനത്ത് സംഘടിപ്പിച്ച ക്വിറ്റ് ഇന്ത്യ അനുസ്മരണം ഉദ്ഘാടനം ചെയ്യവേയായിരുന്നു രമേശ് ചെന്നിത്തലയുടെ വാക്കുകൾ.