ന്യൂഡൽഹി: ബംഗ്ലാദേശിൽ നടക്കുന്ന അക്രമങ്ങളിൽ ഇന്ത്യയുമായുള്ള സൗഹൃദത്തിന്റെ പ്രതീകങ്ങളെല്ലാം ആക്രമിക്കപ്പെടുകയാണെന്നും, ഈ അവസരത്തിലും ഇന്ത്യയിലെ ആളുകൾ പ്രതികരിക്കാതിരിക്കുക എന്നത് ബുദ്ധിമുട്ടേറിയ കാര്യമാണെന്നും കോൺഗ്രസ് എംപി ശശി തരൂർ. ജനാധിപത്യ വിപ്ലവം എന്ന പേരിൽ ആരംഭിച്ച പ്രതിഷേധം ഹിന്ദു ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുകൊണ്ടുള്ള ആക്രമണങ്ങളിലേക്ക് വ്യതിചലിക്കുന്നത് ദയനീയമായി തോന്നുന്നുണ്ടെന്നും തരൂർ പറയുന്നു.
” ജനകീയ, ജനാധിപത്യ വിപ്ലവം എന്ന പേരിലാണ് ബംഗ്ലാദേശിലെ പ്രതിഷേധം ആരംഭിച്ചത്. എന്നാലത് ഇപ്പോൾ ഹിന്ദു ന്യൂനപക്ഷങ്ങളെ ലക്ഷ്യം വച്ചുള്ള ആക്രമണങ്ങളിലേക്ക് അധ:പതിച്ചുവെന്നത് സങ്കടകരമായ കാര്യമാണ്. ബംഗ്ലാദേശിലെ ജനങ്ങൾക്കൊപ്പമാണ് ഇന്ത്യ നിലകൊള്ളുന്ത്. പക്ഷേ ഇക്കാര്യങ്ങളിൽ നിശബ്ദത പാലിക്കുന്നത് ബുദ്ധിമുട്ടാണ്. ബംഗ്ലാദേശുമായി ഇന്ത്യയുടെ സൗഹൃദത്തെ പ്രതിനിധീകരിക്കുന്ന പ്രതീകങ്ങളെല്ലാം അവിടെ നശിപ്പിക്കപ്പെടുകയാണ്.
പാക് സൈന്യം ഇന്ത്യൻ സൈനികർക്ക് മുന്നിൽ കീഴടങ്ങിയതിന്റെ പ്രതീകാത്മക ശിൽപ്പം നശിപ്പിച്ചു, ഇന്ത്യൻ സാംസ്‌കാരിക കേന്ദ്രങ്ങൾ ആക്രമിക്കപ്പെട്ടു, ഇസ്‌കോൺ ഉൾപ്പെടെ നിരവധി ക്ഷേത്രങ്ങൾ നശിപ്പിക്കപ്പെട്ടു. ഇതെല്ലാം അംഗീകരിക്കാനാകാത്ത കാര്യങ്ങളാണ്. ജനാധിപത്യത്തെ വീണ്ടെടുക്കാനെന്ന പേരിൽ നടക്കുന്ന പ്രതിഷേധം ന്യൂനപക്ഷങ്ങൾക്ക് പ്രത്യേകിച്ച് ഒരു വിഭാഗത്തിന് എതിരെ മാത്രമായി മാറുന്നു. തീർച്ചയായും നമ്മുടെ രാജ്യത്തും ഇത് ആളുകൾ ശ്രദ്ധിക്കുന്നുണ്ട്, ബംഗ്ലാദേശിനെ കുറിച്ച് നെഗറ്റീവ് ആയ ചിന്ത വരാൻ ഇത് കാരണമാകുന്നുണ്ടെന്നും ” തരൂർ പറയുന്നു.
സർക്കാർ വിരുദ്ധ പ്രതിഷേധമായി തുടങ്ങിയ അക്രമങ്ങൾ പിന്നീട് ന്യൂനപക്ഷങ്ങൾക്ക് എതിരായി മാറുകയായിരുന്നു. അതേസമയം കാണാതായ തങ്ങളുടെ കുടുംബാംഗങ്ങളെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം നടത്തിയ ഹിന്ദു വിഭാഗത്തിൽ പെട്ടവരും ബംഗ്ലാദേശ് സൈന്യവും തമ്മിൽ കഴിഞ്ഞ ദിവസം ഏറ്റുമുട്ടലുണ്ടായി. ധാക്കയിലെ ജമുന സ്റ്റേറ്റ് ഗസ്റ്റ് ഹൗസിന് മുന്നിൽ പ്രതിഷേധിച്ചവർക്കെതിരെയാണ് ആക്രമണമുണ്ടായത്.















