കശ്മീർ: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ചെനാബ് റെയിൽവേ പാലത്തിൽ തിരംഗ റാലി സംഘടിപ്പിച്ച് റിയാസി ജില്ലാ ഭരണകൂടം. സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി നടന്ന പരിപാടിയിൽ പ്രദേശത്തെ സ്‌കൂളുകളിലെ വിദ്യാർത്ഥികള്‍, പൊലീസ് ഉദ്യോഗസ്ഥർ, പ്രദേശവാസികൾ തുടങ്ങിയവർ പങ്കെടുത്തു. 750 മീറ്റർ നീളമുള്ള പതാകയാണ് പാലത്തിന് മുകളിലായി ഉയർത്തിയത്. പാലത്തിൽ ഇതുവരെ പ്രദർശിപ്പിച്ചതിൽ വച്ച് ഏറ്റവും വലിയ പതാകയാണിത്.
റിയാസിയിലെ ജനങ്ങളുടെ ദേശസ്‌നേഹത്തേയും, എഞ്ചിനീയറിംഗ് അത്ഭുതമായ പാലത്തിന്റെ പ്രാധാന്യത്തേയും എടുത്ത് കാണിക്കുന്നതായിരുന്നു തിരംഗറാലിയെന്ന് റിയാസി ഡെപ്യൂട്ടി കമ്മീഷണർ വിശേഷ് മഹാജൻ പറയുന്നു. ചെനാബ് നദിക്ക് മുകളിലൂടെ ത്രിവർണക പതാക ഉയർന്ന് പറക്കുന്നത് കാണാൻ സാധിച്ചത് പ്രചോദനം നൽകുന്ന കാഴ്ചയായിരുന്നുവെന്നും, ഇത്തരമൊരു സ്ഥലത്ത് റാലി സംഘടിപ്പിക്കാൻ സാധിച്ചത് അഭിമാനമായി തോന്നുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
” രാജ്യത്തെ ഒന്നാകെ യോജിപ്പിച്ച് നിർത്തുന്ന ശക്തിയോടുള്ള ആദരവാണ് തിരംഗറാലി. ഈ പരിപാടിയിൽ യുവജനങ്ങളുടേയും നാട്ടുകാരുടേയും ഉദ്യോഗസ്ഥരുടേയുമെല്ലാം സാന്നിദ്ധ്യം ത്രിവർണ പതാകയുടെ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിന്റെ നേർസാക്ഷ്യമാണെന്നും” വിശേഷ് മഹാജൻ കൂട്ടിച്ചേർത്തു. ദേശീയ പതാക രൂപകൽപ്പന ചെയ്ത പിംഗലി വെങ്കയ്യയുടെ ജന്മദിനമായ ഓഗസ്റ്റ് ഒൻപത് മുതൽ സ്വാതന്ത്ര്യദിനമായ 15 വരെയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി തിരംഗ റാലി സംഘടിപ്പിക്കുന്നത്.















