ഡബ്ല്യൂസിസി വൻ പരാജയമെന്ന് ആക്ടിവിസ്റ്റ് അഞ്ജു പാർവതി. ഒന്നിലുമൊരു വ്യക്തതയില്ലാത്ത സംഘടനയാണ് ഡബ്ല്യൂസിസിയെന്നും വ്യക്തമായ രാഷ്‌ട്രീയ ലക്ഷ്യങ്ങളോടെയാണ് രൂപീകരിച്ചതെന്നും അവർ വിമർശിച്ചു. ചിലരെയൊക്കെ തറപ്പറ്റിക്കാൻ വേണ്ടി മാത്രം രൂപീകരിച്ചതാണതെന്നും അവരുമായി ചേർന്ന് പോകുന്ന കുറച്ച് പേരുടെ കാര്യങ്ങളിൽ മാത്രമാണ് ഇടപെടുന്നതെന്നും അഞ്ജു പറഞ്ഞു. ജനം ഡിബേറ്റിൽ സംസാരിക്കവേയാണ് പരാമർശം.
2018 മെയിലാണ് സിനിമയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പഠിക്കാനായി സർക്കാർ ജസ്റ്റിസ് ഹേമ കമ്മീഷനെ നിയമിക്കുന്നത്. റിപ്പോർട്ട് സമർപ്പിച്ച് അഞ്ച് വർഷങ്ങൾക്ക് ശേഷമാണ് പുറത്തുവിടാൻ ഉത്തരവ് ലഭിക്കുന്നത്. ഈ അഞ്ച് വർഷവും ഡബ്ല്യൂസിസി മൗനം തുടർന്നെന്നും അവർ ആരോപിച്ചു. തൊഴിൽ മേഖലയിൽ സ്ത്രീകൾ സുരക്ഷിതരല്ലെന്ന് തിരിച്ചറിഞ്ഞ് സ്ത്രീകൾ ചേർന്ന് സംഘടന രൂപീകരിച്ചിട്ടും പലതും ചെയ്തിട്ടും റിപ്പോർട്ട് പുറത്തുവരാൻ അഞ്ച് വർഷമെടുത്തത് ഏറെ മോശമായ കാര്യമാണ്- അവർ പറഞ്ഞു.
സെലിബ്രിറ്റി സ്റ്റാറ്റസ് വച്ചിട്ട് സർക്കാരിന്റെ പരിപാടികൾ ഉയർത്തി കാണിക്കുക മാത്രമാണ് ഡബ്ല്യൂസിസി ചെയ്യുന്നത്. സർക്കാരിൻറെ സത്രീ മുന്നേറ്റ പരിപാടികൾക്ക് പ്രമോഷൻ കൊടുക്കുക മാത്രമാണ് ചെയ്യുന്നത്. രാത്രി പുറത്തിറങ്ങി നടക്കാൻ ഭയപ്പെടേണ്ടെന്ന് സർക്കാരിന് ഉയർത്തി കാണിക്കാൻ സെലിബ്രിറ്റികൾ വേണം. ഇതിനപ്പുറം സ്ത്രീകളുടെ പ്രശ്നങ്ങളിൽ സംഘടന ഇടപെടുന്നില്ലെന്നും അവർ കുറ്റപ്പെടുത്തി.
സംഘടനയുടെ തലപ്പത്തിരിക്കുന്നവരുമായി ചേർന്ന് പോകുന്ന കുറച്ച് പേരുടെ കാര്യങ്ങളിൽ മാത്രമാണ് അവർ ഇടപെടുന്നത്. ഭൂതകാലത്തിലെ കാര്യങ്ങളെ നോക്കണ്ട, മുന്നോട്ടുള്ള കാര്യങ്ങൾ മാത്രം നോക്കിയാൽ മതിയെന്ന് പറഞ്ഞാണ് ഡബ്ല്യൂസിസി രൂപീകരിക്കുന്നത്. എന്നാൽ നടിയെ ആക്രമിച്ച സാഹചര്യത്തിൽ രൂപീകരിച്ച സംഘടനയല്ലേയെന്നും ആരെ സംരക്ഷിക്കാനായിട്ടാണ് ഇത്തരത്തിലൊരു നിലപാടെടുത്തതെന്നും അഞ്ജു പാർവതി ചോദിക്കുന്നു.
ആൺ-പെൺ വ്യത്യാസമില്ലാതെ മേഖലയിലെ എല്ലാവരെയും കണ്ട് സംസാരിച്ചാണ് ജസ്റ്റിസ് ഹേമ റിപ്പോർട്ട് തയ്യാറാക്കിയത്. ഈ സാഹചര്യത്തിൽ ഡബ്ല്യൂസിസിയുടെ തലപ്പത്തുള്ളവർക്കും പ്രശ്നമാകുമെന്ന് കരുതിയിരിക്കാം. ശബരിമലയിൽ സ്ത്രീകളെ പ്രവേശിക്കാൻ മാത്രമാണ് ജെൻഡർ പൊളിറ്റിക്സും തുല്യതയുമൊക്കെയുള്ളൂവെന്നും സിനിമാ മേഖലയിലെ വേതനത്തിന്റെ കാര്യത്തിൽ ഈ നിലപാടില്ലെന്നും അവർ കൂട്ടിച്ചേർത്തു. ഇക്കാര്യങ്ങൾ ചോദിക്കാനും ആവശ്യങ്ങൾ ഉന്നയിക്കാനുമായി സംഘടനകളൊന്നും തന്നെയില്ലെന്നും അവർ ചൂണ്ടിക്കാട്ടി.
ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തു വിടരുതെന്ന ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ച നിർമാതാവ് സജിമേൻ പാറയിലിന്
പിന്നിൽ മാഫിയ പോലും ഉണ്ടെന്ന ഗുരുത ആരോപണവും അവർ ഉന്നയിച്ചു. റിപ്പോർട്ട് പുറത്തുവിടാൻ ഉത്തരവിട്ടിട്ടുണ്ടെങ്കിലും ഇത് ഇനിയും അട്ടിമറിക്കപ്പെടാമെന്നും അതിലൊന്നും ഡബ്ല്യൂസിസി ഇടപെടില്ലെന്നും അവർ പറഞ്ഞു.















