പാരിസ് ഒളിമ്പിക്‌സിൽ ആറ് മെഡലുകൾ ഭാരതത്തിന് സമ്മാനിച്ച് കായിക താരങ്ങൾ മടങ്ങി വന്നതിന്റെ സന്തോഷത്തിലാണ് രാജ്യം. എന്നാൽ ഫൈനൽ മത്സരത്തിന് മണിക്കൂറുകൾ ബാക്കി നിൽക്കെ കയ്യെത്തും ദൂരത്തുണ്ടായിരുന്ന മെഡൽ നഷ്ടമായതിന്റെ വേദനയും ഇത്തവണത്തെ ഒളിമ്പിക്‌സിൽ ബാക്കിയാവുന്നു.
50 ഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തി വിഭാഗത്തിൽ അയോഗ്യയാക്കപ്പെട്ടതിനെ തുടർന്ന് കായിക കോടതിയിൽ വിനേഷ് നൽകിയ ഹർജിയിൽ വിധി പറയുന്നത് വീണ്ടും മാറ്റിവച്ചിരിക്കുയാണ്. ഈ സാഹചര്യത്തിൽ വിനേഷിന് പിന്തുണയുമായി ഇന്ത്യൻ ഹോക്കിയുടെ കാവലാളും മലയാളിയുമായ പിആർ ശ്രീജേഷും രംഗത്തെത്തി.
”വിനേഷിന് ലഭിക്കേണ്ട മെഡൽ അവളിൽ നിന്നും അവർ തട്ടിയെടുത്തു. അപ്പീൽ നൽകിയിട്ടും രണ്ടാം തവണയും വിധി മാറ്റിവച്ചു. വിനേഷിന്റെ സ്ഥാനത്ത് ഞാനായിരുന്നുവെങ്കിൽ എന്ത് ചെയ്യുമെന്ന് എനിക്കറിയില്ല. എന്നാൽ അവൾ തളരാതെ പോരാടുന്നു. വിനേഷ് അയോഗ്യയാക്കപ്പെട്ടില്ലായിരുന്നുവെങ്കിൽ അവൾ രാജ്യത്തിനായി മെഡൽ സ്വന്തമാക്കുമായിരുന്നു. അവൾക്ക് അർഹതപ്പെട്ട വെള്ളി മെഡലാണ് ഇപ്പോൾ അവർ തട്ടിയെടുത്തിരിക്കുന്നത്.”- പിആർ ശ്രീജേഷ് പറഞ്ഞു.
ഹോക്കി മത്സരത്തിന്റെ ഫൈനൽ ദിവസമാണ് വിനേഷിനെ കണ്ടത്. അന്ന് അവൾ ഞങ്ങളോട് നന്നായി കളിക്കണമെന്നും മെഡൽ നേടണമെന്നുമായിരുന്നു പറഞ്ഞത്. എന്നാൽ പുഞ്ചിരിച്ച് അവൾ അത് പറയുമ്പോഴും ഉള്ളിൽ വേദനയൊതുക്കി പിടിച്ചിരുന്നുവെന്നും ശ്രീജേഷ് വ്യക്തമാക്കി. അവൾക്ക് അർഹതപ്പെട്ട വെള്ളി മെഡൽ കിട്ടുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും തെറ്റുകൾ ആവർത്തിക്കപ്പെടാതിരിക്കാൻ പരിശീലകരും കായിക താരങ്ങളും ശ്രദ്ധിക്കണമെന്നും ശ്രീജേഷ് പറഞ്ഞു.
അനുവദനീയമായതിലും 100 ഗ്രാം ഭാരം കൂടുതലായതാണ് വിനേഷിന് വിനയായത്. അയോഗ്യയാക്കപ്പെട്ടതിന് പിന്നാലെ കായിക കോടതിയിൽ അപ്പീൽ നൽകിയെങ്കിലും വിധി പ്രസ്താവം മാറ്റി വയ്‌ക്കുകയായിരുന്നു. നിരവധി തവണ മാറ്റിവച്ച വിധി പ്രസ്താവമാണ് വീണ്ടും 16-ലേക്ക് നീട്ടിയത്.















